തിരുവനന്തപുരം: മതഭ്രാന്തും മിഥ്യാഭിമാനത്തിൽ ഊന്നിയ ദേശീയ വാദവും മുഖ മുദ്രയാക്കുന്ന സംഘ് പരിവാർ വേടൻ ഉയർത്തുന്ന രാഷ്ട്രീയത്തെ ഭയപ്പെടുകയാണെന്നും പ്രസ്തുത ഭയത്തിൽ നിന്നുടലെടുക്കുന്ന അസഹിഷ്ണുതയാണ് അദ്ദേഹത്തെ നിരന്തരം താറടിക്കുന്നതിലൂടെ വെളിപ്പെടുന്നതെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
സംഘ് പരിവാറിന്റെ ഫാസിസ്റ്റ് ചിന്താ ഗതിയാൽ നയിക്കപ്പെടുന്ന സാംസ്‌കാരിക നിയന്ത്രണങ്ങളെയാണ് പ്രഥമമായി വേടൻ പൊളിച്ചെഴുതിയിരിക്കുന്നത്. പുരോഗമന ആശയങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും കേരളീയ സാമൂഹ്യ മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന വിപ്ലവകരമായ പരിവർത്തനങ്ങളെ തന്നെയാണ് നമുക്ക് വേടനിലൂടെ ദർശിക്കാൻ കഴിയുന്നത്.
എഴുത്തുകാരെയും ബുദ്ധി ജീവികളെയും കലാകാരന്മാരെയും ആർ എസ് എസിന്റെ ഇച്ഛകൾക്കനുസൃതമായി രൂപാന്തരപ്പെടുത്താനും വിമർശനാത്മകമായതൊന്നും പ്രസ്ഥാവിക്കാതെ ഫാസിസ്റ്റ് മനോ ഘടനക്ക് വിധേയപ്പെടുത്താനും സമരസപ്പെടുത്താനുമുള്ള അടിമത്ത മനോഭാവത്തോടുള്ള വേടന്റെ കലഹം തന്നെയാണ് എൻ ആർ മധുവും ശശികലയുമടക്കമുള്ളവർക്ക് അദ്ദേഹത്തെ അനഭിമതനാക്കിയത്.
ബ്രാഹ്മണിക്കൽ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയിൽ നിർവചിക്കപ്പെട്ട ദേശീയതയെ മുഖമുദ്രയാക്കിക്കൊണ്ട് പ്രയോഗ വത്കരിക്കാൻ ശ്രമിക്കുന്ന ബഹുമുഖമായ ആക്രമണോത്സുകതക്കെതിരെയുള്ള നിശ്ചയദാർഢ്യത്തോടെയുള്ള ചെറുത്തുനിൽപ്പ് സംഘ് പരിവാർ കേന്ദ്രങ്ങളെ സ്വാഭാവികമായും അലോസരപ്പെടുത്തും.
വേടന്റെ പിന്നിൽ വിഘടനവാദികളാണെന്നും വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാകാരനായി വേടൻ അരങ്ങുവാഴുകയാണെന്നതുമടക്കമുള്ള പ്രസ്താവനകളെല്ലാം തന്നെ അതിന്റെ ഭാഗമാണ്. അധ:സ്ഥിതരുടെയും അരികുവത്ക്കരിക്കപ്പെട്ടവരുടെയും താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വേടനൊപ്പം കേരളമൊന്നടങ്കം നില കൊള്ളണമെന്നും വേടന്റെ നിലപാടുകൾക്ക് എ ഐ വൈ എഫ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സംസ്ഥാന പ്രസിഡണ്ട് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അറിയിച്ചു.