അടൂർ: അടൂർ ഗവൺമെന്റ് ആശുപത്രിയിൽ അമിതമായി ഈടാക്കുന്ന പാസിന്റെയും ഒ പി ടിക്കറ്റിന്റെയും തുക കുറയ്ക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് കടമ്പനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിതമായി ഈടാക്കുന്ന പാസിന്റെയും ഒ പി ടിക്കറ്റിന്റെയും തുക കുറയ്ക്കണം എന്നാവശ്യപ്പെട്ട് സുപ്രണ്ടിന് പരാതി നൽകി. മണ്ഡലം സെക്രട്ടറി അശ്വിൻ ബാലാജി, ജില്ലാ കമ്മിറ്റി അംഗം ശരത് ലാൽ മേഖലാ സെക്രട്ടറി അനന്ദു, വിശാഖ്, ടോബി എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി സൂപ്രണ്ടിനു പരാതി കൈമാറിയത്.
നിലവിൽ ആശുപത്രിയിൽ ഒ പി ടിക്കറ്റിനീടാക്കുന്നത് 15 രൂപയാണ്. ഇത് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. അതു കൂടാതെ രോഗിയെ സന്ദർശിക്കാൻ എത്തുന്നവരുടെ പാസ് ഒരു മണിക്കൂർ സമയത്തേക്ക് 20 രൂപയായി വർധിപ്പിച്ചിരിക്കുകയാണെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. ആശുപത്രിയുടെ വികസനത്തിന്റെ പേരിൽ സാധാരണക്കാരായ ജനങ്ങളെ പിഴിയുന്നു എന്ന ആക്ഷേപം നിലനിൽക്കെ വർധിപ്പിച്ച അനാവശ്യ ചാർജുകൾ ഒഴിവാക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.