മുണ്ടക്കൈ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരിയും ഉപയോഗ ശൂന്യമായ വസ്ത്രങ്ങളുമടക്കം വിതരണം ചെയ്ത മേപ്പാടി പഞ്ചായത്തിന്റെ നടപടി സംസ്ഥാന സർക്കാരിന്റെ ദുരന്ത മേഖലയിലെ പുനരധിവാസ പദ്ധതിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ച ഇടങ്ങളിലാണ് ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സാധനങ്ങൾ പഞ്ചായത്ത് വിതരണം ചെയ്തിരിക്കുന്നത്. ദുരന്ത മുഖത്ത് സമചിത്തതയോടെ വിവിധ വകുപ്പുകളെ സഹകരിപ്പിച്ചുകൊണ്ടുള്ള രക്ഷ ദൗത്യത്തിലൂടെയുള്ള സംസ്ഥാന സർക്കാറിന്റെ ഇടപെടലുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ ദുരന്തബാധിതർക്ക് സഹായധനം അനുവദിക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എസ്‌ഡിആർഎഫ് മാനദണ്ഡ പ്രകാരം കേരളം തയ്യാറാക്കിയ എസ്‌റ്റിമേറ്റ് ഉയർത്തിപ്പിച്ചു കൊണ്ട് വ്യാജ പ്രചാരണങ്ങളുമായി അവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാർ നൽകിയതടക്കമുള്ള വസ്തുക്കൾ ദിവസങ്ങളോളം പൂഴ്ത്തി വെച്ച് ഉപയോഗ്യ ശൂന്യ മായതിന് ശേഷം വിതരണത്തിനെത്തിച്ച് ഉപ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.
ദുരന്ത ബാധിതരായ ഒരു വിഭാഗം ജനങ്ങളുടെ നിസ്സഹായവസ്ഥ ഉപയോഗിച്ച് കൊണ്ടുള്ള യു ഡി എഫിന്റെ സങ്കുചിത രാഷ്ട്രീയം കേരള ജനത തിരിച്ചറിയുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.