തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ തീരുമാനത്തിനെതിരെ എഐവൈഎഫ് രംഗത്ത്. ജനദ്രോഹനയങ്ങൾക്കും ഭരണകൂട ഭീകരതക്കുമെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരെ നിശബ്ദരാക്കാനുള്ള സംഘ് പരിവാർ ഒളിയജണ്ടയുടെ ഭാഗമാണ് ഈ നടപടിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
അധികാരത്തിൽ വന്നത് മുതൽ തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും കള്ളക്കേസുകളിൽ കുടുക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന നയമാണ് ഫാസിസ്റ്റ് ഭരണ കൂടം തുടർച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളെ വിലക്കെടുത്തും ഭരണാധികാരത്തെ രാഷ്ട്രീയ പ്രതിയോഗികൾക്ക് മേലുള്ള പ്രതികാര നടപടികൾക്കായി ദുരുപയോഗം ചെയ്തു കൊണ്ടുമുള്ള അസഹിഷ്ണുതയും സങ്കുചിതത്വവുമാണ് സംഘപരിവാറിന്റെ എക്കാലത്തെയും മുഖ മുദ്രയെന്ന് എഐവൈഎഫ് തുറന്നടിച്ചു.
ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയർത്തുന്ന എഴുത്തു കാരെയും മനുഷ്യാവകാശ പ്രവർത്തകരെയും സംഘടിതമായി വേട്ടയാടുന്നത് എതിർക്കുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനും ജനങ്ങൾക്ക് മേൽ ഭയം സൃഷ്ടിക്കാനുമുള്ള കുല്സിത ശ്രമത്തിന്റെ ഭാഗമാണ്. നിയമത്തിന്റെ ദുരുപയോഗസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായുള്ള അരുന്ധതി റോയിയെക്കെതിരായ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും അരുന്ധതി റോയിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്ഥാവനയിൽ അറിയിച്ചു.