തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിക്ക് പേരൂർക്കട പോലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
വ്യാജ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവതി കടുത്ത മാനസിക പീഡനങ്ങളാണ് തുടർന്ന് അവിടെ നിന്ന് അനുഭവിച്ചത്. സ്ത്രീകളെ രാത്രിയിൽ സ്റ്റേഷനിൽ പാർപ്പിക്കരുതെന്ന ചട്ടം ലംഘിച്ചും മണിക്കൂറുകളോളം ആരോപണ വിധേയയെ പട്ടിണിക്കിട്ടും ജനാധിപത്യ പ്രക്രിയകളെ വെല്ലുവിളിക്കുന്ന അത്യന്തം ഹീനമായ നടപടികളാണ് പേരൂർക്കട പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കേരളത്തിൽ രാഷ്ട്രീയ എതിരാളികളുടേയും നിരപരാധികളായ മനുഷ്യരുടേയും മേൽ ഭരണത്തിന്റെ അപ്രമാദിത്വത്തിന്റെ ബലത്തിൽ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന അടിച്ചമർത്തൽ നയങ്ങൾ അംഗീകരിക്കാൻ കഴിയില്ല. പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി പോലീസിനെ മാറ്റുന്നതും ഇടത് പക്ഷ നയമല്ല.
ജനകീയ സമരം നയിച്ചതിന്റെ പേരിൽ വിദ്യാർത്ഥി യുവജന സംഘടന നേതാക്കളുടെ വീടുകളിൽ അർദ്ധരാത്രികളിൽ പ്രകോപനം സൃഷ്ടിച്ച് കടന്ന് കയറി അറസ്റ്റ് ചെയ്തതും വിദ്യാർത്ഥി നേതാക്കളെ കയ്യാമം വെച്ച് തെരുവിൽ പരസ്യക്കോലമാക്കി നടത്തിച്ചതുമടക്കമുള്ള യുഡിഎഫ് ഭരണകൂട ഭീകരതയുടെ താണ്ഡവകാലം കേരളം മറന്നിട്ടില്ല.
സോളാർ സമരത്തിനിടെ അനന്ത പുരിയിൽ യുവജന സംഘടന പ്രവർത്തകന്റെ ജനനേന്ദ്രിയം തകർത്തതും കോഴിക്കോട് ജനകീയ സമരത്തിനിടെ സമാനമായ സാഹചര്യം വിമുക്ത ഭടൻ അനുഭവിച്ചതും ഉമ്മൻ ചാണ്ടി സർക്കാരിന്റെ അടിച്ചമർത്തൽ ഭരണത്തിൽ നിന്നുമുടലെടുത്ത മാനുഷിക മൂല്യ നിരാകരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിഫലനങ്ങളായിരുന്നു എന്ന് എഐവൈഎഫ് വ്യക്തമാക്കി.
അതിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന വിഭാഗങ്ങളുടെ സംരക്ഷണവും അവരുടെ ജീവിത നിലവാരവും സമാധാനപരവും നിയമാനുസൃതവുമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞ ബദ്ധമായ സർക്കാരാണ് ഇടത് പക്ഷത്തിന്റേത്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഭരണ കൂടത്തിന്റെ പൗരന്മാരുടെ മേലുള്ള മർദ്ദനോപകരണങ്ങളായി കുപ്രസിദ്ധി നേടരുത്.
പരാതി പറയാൻ ചെന്ന അവസരത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി വിഷയത്തെ ലാഘവത്തോടെ സമീപിച്ചുവെന്ന ആരോപണവും അന്വേഷിക്കണം. ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർക്കാർ ഗൗരവത്തോടെ കാണണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.