തൃശൂർ: സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ വിലക്കിയ മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ പ്രദർശനമൊരുക്കി എഐവൈഎഫ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന ആഹ്വാനവുമായാണ് എഐവൈഎഫ് ജില്ലാകമ്മിറ്റി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
2002-ലെ ഗുജറാത്ത് കലാപത്തിലുൾപ്പെടെ നരേന്ദ്രമോദിയുടെ പങ്കിനെ കുറിച്ച് വളരെ വ്യക്തമായി തുറന്നുകാട്ടുന്നതാണ് ബിബിസി പുറത്തുവിട്ട ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി. എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തി ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസർക്കാർ നടപടി ഫാസിസമാണ്. വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം കടുത്ത അസഹിഷ്ണുതയിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നു ഡോക്യുമെന്ററി പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കനിഷ്‌ക്കൻ വല്ലൂർ, യുവകാലസഹിതി ജില്ലാ ജോ സെക്രട്ടറി ജി ബി കിരൺ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജ്ജുൻ മുരളീധരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
തൃശ്ശൂർ കോർപ്പറേഷന്റെ മുൻവശത്ത് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശന പരിപാടിക്ക് വൈശാഖ് അന്തിക്കാട് സ്വാഗതം പറഞ്ഞാൽ ചടങ്ങിൽ ടി വി വിബിൻ നന്ദി രേഖപ്പെടുത്തി. പ്രവീൺ എ ആർ, ചിന്നു ചന്ദ്രൻ, മിഥുൻ പോട്ടക്കാരൻ എന്നിവർ നേതൃത്വം നൽകി. അതേസമയം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത ഡോക്യുമെന്ററി ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും ഒഴിവാക്കി. പല കാരണങ്ങൾ കൊണ്ടാണ് നീക്കിയതെന്നാണ് വിശദീകരണം.