Saturday, November 23, 2024
spot_imgspot_img
HomeKeralaവർ​ഗീയതയ്ക്കെതിരെ മതേതര കേരളം ഉണരുക; ആയിരങ്ങൾ അണിനിരന്ന് എഐവൈഎഫിന്റെ മനുഷ്യ മതിൽ

വർ​ഗീയതയ്ക്കെതിരെ മതേതര കേരളം ഉണരുക; ആയിരങ്ങൾ അണിനിരന്ന് എഐവൈഎഫിന്റെ മനുഷ്യ മതിൽ

ആലപ്പുഴ: രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള പരിശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സുനിൽ പി ഇളയിടം വർഗീയതയ്ക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതേതര മനുഷ്യ മതിലും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അശോക സ്തംഭത്തിലേയ്ക്കും ഹിംസാംത്മകത കടത്തിവിടുന്നതിലൂടെ മതം രാഷ്ട്രമാണ് എന്ന പ്രഖ്യാപനമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. പ്രജ്ഞ, കരുണ, മൈത്രി തുടങ്ങിയവയുടെ സന്ദേശം വിളിച്ചോതുന്ന സൗമ്യ മുഖങ്ങളായ സിംഹങ്ങൾക്ക് പകരം അലറുന്ന സിംഹങ്ങളെയാണ് പാർലമെന്റിൽ സ്ഥാപിച്ചത്. അടിസ്ഥാന മൂല്യങ്ങൾ പോലും അടിയറവ് വെയ്ക്കുന്നതിലൂടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടന തദ്ദേശീയമല്ല യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പകർത്തിയതാണെന്നുമായിരുന്നു ആർഎസ്എസ് നിലപാട്. മനുസ്മൃതി അടക്കമുള്ള പൗരാണിക ഭരണഘടനാ സങ്കൽപ്പങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ പ്രതിഫലിക്കില്ലെന്നും അവർ പറഞ്ഞു. മനുസ്മൃതി കത്തിക്കാൻ നേതൃത്വം നൽകിയ അംബേദ്കറാണ് പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായത്. മനുസ്മൃതിയിൽ നിന്നും വിപരീത ദിശയിലായിരുന്നു ഭരണഘടനയിലെ ആശയം.

ഇന്ത്യൻ റിപ്പബ്ലിക് അടിസ്ഥാനപരമായി മതരാഷ്ട്രത്തിന്റെ പിടിയിൽ നിന്നു അകന്നത് ഏറെ നാൾകൊണ്ടാണ്. ഇന്ത്യയുടെ ദേശിയ പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനം ഇതിന് പിന്നിലുണ്ടായിരുന്നു. കോൺഗ്രസ് സമ്പൂർണ്ണ സ്വാതന്ത്ര്യത്തെ രാഷ്ട്രീയ കാര്യപരിപാടിയായി സ്വീകരിക്കുന്നതിന് മുൻപ് തന്നെ അത് അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാന പ്രകൃതമാണ് മതനിരപേക്ഷത. ഇത് നെഹ്രുവും അംബേദ്കറും അടക്കമുള്ളവർ കടമെടുത്ത് ചേർത്തതല്ല. മതത്തെ മുൻനിർത്തുന്ന രാഷ്ട്രം എന്നതിന് പകരം ജനങ്ങളുടെ രാഷ്ട്രം എന്ന തത്വമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഹിന്ദുത്വത്തെ ചെറുക്കാനെന്ന മട്ടിൽ മതഭീകരവാദ പ്രസ്ഥാനങ്ങൾ ഉയർത്തുന്ന നിലപാടുകൾ ഹൈന്ദവ വർഗീയതയ്ക്കുള്ള തുണയാണ്.

ഹിന്ദുത്വം ആഗ്രഹിക്കുന്നതും ഇത്തരം മതപരമായ വിഭജനമാണ്. മതവിശ്വാസികൾ അല്ലാതിരുന്ന സവർക്കറും മുഹമ്മദലി ജിന്നയും മതത്തെ രാഷ്ട്രീയ ആയുധമാക്കിയ ചരിത്രം. എൻഡിഎഫ് – പോപ്പുലർഫ്രണ്ട്, ജമാത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ വർഗ്ഗീയപരമായ നിലപാട് മതപരമായ വിഭജനത്തിന് ഊർജ്ജം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാനും കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഐക്യദീപം തെളിയിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം കെ ഉത്തമൻ, ദീപ്തി അജയകുമാർ, എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം എ ശോഭ, പി ജ്യോതിസ്, വി മോഹൻദാസ്, അസ്ലംഷാ, യു അമൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രമുഖ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവർ മതിലിന്റെ ഭാഗമായി. തുടർന്ന് കേരളത്തിന്റെ മാതൃകയിൽ മതേതരത്വം ഊട്ടിയുറപ്പിച്ചു മനുഷ്യ മതിലായി ആയിരങ്ങൾ അണിനിരന്നു. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത് നന്ദി പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻ പാട്ടും ഉണ്ടായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares