Friday, November 22, 2024
spot_imgspot_img
HomeKeralaഅണിനിരക്കുന്നത് പതിനായിരങ്ങള്‍; യുവജന മതില്‍ തീര്‍ക്കാന്‍ എഐവൈഎഫ്

അണിനിരക്കുന്നത് പതിനായിരങ്ങള്‍; യുവജന മതില്‍ തീര്‍ക്കാന്‍ എഐവൈഎഫ്

തിരുവനന്തപുരം: മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതേതര സംഗമത്തില്‍ അണിനിരക്കുന്നത് പതിനായിരങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വച്ചായിരിക്കും സംസ്ഥാന വ്യാപകമായി മതേതര സംഗമം നടത്തുക. പരിപാടി വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ജില്ലയിലേയും പ്രവര്‍ത്തകര്‍.

കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംഘ് പരിവാര്‍ അജണ്ടകള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര രാജ്യമാണെന്ന് അഭിമാനിച്ചു കൊണ്ടിരുന്ന ഇന്ത്യ ഇപ്പോള്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മതേരത്വത്തെ സംരക്ഷിക്കുന്നതിന് വേണ്ടി കൂടുതല്‍ കരുത്തുറ്റ പോരാട്ടങ്ങളാണ് ഈ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഉയര്‍ന്നു വരേണ്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് ‘മത നിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം, തൊഴിലിനു വേണ്ടി പോരാടാം’ എന്ന മുദ്രാവാക്യമുയര്‍ത്തി മതേതര സംഗമവുമായി എഐവൈഎഫ് രംഗത്തെത്തുന്നത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതേതര സംഗമം എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ രാമന്‍ ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും പാലക്കാട് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപിയും ഉദ്ഘാടനം ചെയ്യും.സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കോട്ടയത്തും കൃഷിമന്ത്രി പി പ്രസാദ് പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് സിപിഐ ദേശീയ എക്‌സി: അംഗം കെ ഇ ഇസ്മയില്‍, എറണാകുളത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ആലപ്പുഴയില്‍ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രനും മലപ്പുറത്ത് പി സന്തോഷ്‌കുമാര്‍ എംപിയും പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും. കണ്ണൂരില്‍ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം ജില്ലയില്‍ മതേതരസംഗമം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മതേതര സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ മണ്ഡലം കമ്മിറ്റികള്‍ വാഹന റാലികള്‍ അടക്കമുള്ള പരിപാടികള്‍ നടത്തിവരികയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares