തിരുവനന്തപുരം: പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി എഐവൈഎഫ്. ബിജെപി എംപി ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് മണ്ഡലം കേന്ദ്രങ്ങളിൽ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി എത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാൻ ഹരിദ്വാരിലെത്തിയ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ പിന്തിരിപ്പിക്കുകയായിരുന്നു. താരങ്ങളിൽ നിന്ന് മെഡലുകൾ ഏറ്റെടുത്ത കർഷക സമര നേതാവ് നരേഷ് ടികായത്ത് പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് ഗുസ്തിതാരങ്ങൾ മെഡലുകൾ നദിയിലൊഴുക്കുന്നതിൽ നിന്ന് പിന്മാറി. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉർന്നെങ്കിലും കേന്ദ്ര സർക്കാർ കണ്ട് മട്ട് നടിച്ചിട്ടില്ല.
ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തിൽ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗും (യുഡബ്ല്യുഡബ്ല്യു) രംഗത്ത് വന്നിട്ടുണ്ട്. താരങ്ങളെ തടങ്കലിലാക്കിയതിൽ യുഡബ്ല്യുഡബ്ല്യു അപലപിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ഇതാദ്യമായാണ് യുഡബ്ല്യുഡബ്ല്യു പ്രതികരണവുമായി രംഗത്തെത്തുന്നത്. നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താതിരുന്നാൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ (ഡബ്ല്യുഎഫ്‌ഐ) സസ്പെൻഡ് ചെയ്യുമെന്നും യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നൽകി.