നിലയ്ക്കൽ: രണ്ടു ദിവസങ്ങളായി പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിൽ ചേർന്ന എഐവൈഎഫ് സംസ്ഥാന ക്യാമ്പ് സമാപിച്ചു. ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 209 പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ പുരോഗമന ഇടതുപക്ഷ സംഘടന എന്ന നിലയിൽ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ക്യാമ്പ് പ്രഖ്യാപിച്ചു.
ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ നിരന്തരം ശ്രമിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്ന് ക്യാമ്പിനെ അഭിവാദ്യം ചെയ്ത് സംസാരിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന്റെ തീചൂളയിൽ ആയിരങ്ങൾ ജീവൻ കൊടുത്ത കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ രാജ്യസ്നേഹം പഠിപ്പിക്കാൻ ബ്രിട്ടീഷുകാരന്റെ ചെരുപ്പ് നക്കികളായ ആർഎസ്എസുകാർ ഇറങ്ങി പുറപ്പെടരുത് എന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കെ കെ സമദ്, വിനോദ് കുമാർ, രജനി മനോജ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.23 അംഗ സംസ്ഥാന എക്‌സിക്യുട്ടീവിനെ ക്യാമ്പ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി ടിടി ജിസ്മോനും പ്രസിഡന്റായി എൻ അരുണും തുടരും.
ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, എസ് വിനോദ് കുമാർ, കെ ഷാജഹാൻ, അഡ്വ. വിനീത വിൻസന്റ് എന്നിവരെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി പ്രസാദ് പാറേരി, അഡ്വ. ആർ എസ് ജയൻ, കെ വി രജീഷ്, അഡ്വ. വി എസ് അഭിലാഷ് എന്നിവരെയും തെരഞ്ഞെടുത്തു.