പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന ക്യാമ്പിനായുള്ള ഒരുക്കങ്ങൾ പൂർണം. നാളെയും മറ്റന്നാളുമായാണ് നിലക്കൽ റീട്രീറ്റ് സെന്ററിൽ വച്ച് ക്യാമ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 225 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ സംഘടനാ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പ്രവർത്തന പരിപാടിയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിക്കും.
വൈകുന്നേരം നാലുമണിക്ക് ബദൽ തേടുന്ന മതനിരപേക്ഷ ഇന്ത്യയും സംഘപരിവാർ അജണ്ടകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. റവന്യൂ മന്ത്രി കെ രാജൻ മോഡറേറ്ററാവുന്ന സെമിനാറിൽ പി സന്തോഷ്കുമാർ എം പി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ സെമിനാറിൽ പങ്കെടുക്കും.\
ക്യാമ്പിന്റെ വിവിധ സെഷനുകളിലായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ജില്ല സെക്രട്ടറി എ പി ജയൻ തുടങ്ങിയവർ പങ്കെടുക്കും.