തിരുവനന്തപുരം: കേരളത്തിൽ രണ്ട് സ്ത്രീകൾ നരബലിക്ക് ഇരകളായി എന്ന വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു പുരോഗമന സമൂഹത്തിൽ ഇപ്പോഴും ഇത്തരത്തിലുള്ള പ്രാകൃത പ്രവർത്തികൾ നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം ഭയപ്പെടുത്തുന്നതും അപമാനകരവുമാണ്.
ഇത്തരം പ്രാകൃത ചിന്തകൾ കൊണ്ടു നടക്കുന്ന വ്യക്തികളുടെ ചതി കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു ആഭിചാര കർമ്മത്തിലൂടെയും ആർക്കും സാമ്പത്തിക നേട്ടമുണ്ടാകില്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യരുടെ ദുർബലമായ മനസിനെ തെറ്റിദ്ധരിപ്പിച്ചു കുറ്റകൃത്യങ്ങൾ ചെയ്തു കൂട്ടുന്ന വ്യാജ സിദ്ധന്മാരെയും ആൾ ദൈവങ്ങളെയും വെളിച്ചത്തു കൊണ്ടുവന്നു തക്കതായ ശിക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ ഇടപെടണം എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.