തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഇടപെടലുകളുടെ തുടർച്ചയാണ് റെഡ് ക്രോസ് കേരള ഘടകം വൈസ് പ്രസിഡന്റായി ആർഎസ്എസ് നേതാവിനെ നാമ നിർദ്ദേശം ചെയ്ത നടപടിയെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥികളില്‍ സഹായസന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി സ്ഥാപിതമായ സംഘടനയുടെ തലപ്പത്ത് പോലും വർഗീയതയുടെ പ്രചാരകരെ പ്രതിഷ്ഠിക്കുക വഴി ഭരണത്തിന്റെ മറവിൽ സകല സംവിധാനങ്ങളെയും സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലാക്കി മതനിരപേക്ഷതയും ശാസ്ത്രബോധവുമുൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
വ്യത്യസ്ത ജനവിഭാഗങ്ങളെ ഉൾക്കൊള്ളുകയും വൈവിധ്യങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന മേഖലകളിൽ മാനവിക മൂല്യങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ആർഎസ്എസ് അനുഭാവികളെയും സഹയാത്രികരെയും കുത്തിനിറച്ച് ഭരണ സംവിധാനങ്ങളെയൊന്നടങ്കം കാവിവത്കരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.
ഭരണത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകനായി നില കൊള്ളാൻ നിയുക്തനായ ഗവർണർ മതേതരത്വ സങ്കല്‍പ്പത്തെ പാടേ എതിര്‍ത്തുകൊണ്ട്, ഇന്ത്യന്‍ ദേശീയത ‘ഹിന്ദു’ സ്വത്വബോധത്തില്‍ അധിഷ്ഠിതമായി ഉടലെടുക്കേണ്ടതാണെന്ന് വാദിക്കുന്നവരുടെ കുഴലൂത്തുകാരനായി അധഃപതിക്കുന്നത് അപഹാസ്യമാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അറിയിച്ചു.