Thursday, November 21, 2024
spot_imgspot_img
HomeOpinionതൊഴിലെവിടെ? തൊഴിൽ നൈപുണ്യം എവിടെ?

തൊഴിലെവിടെ? തൊഴിൽ നൈപുണ്യം എവിടെ?

ജൂലൈ 15 ലോക തൊഴിൽ നൈപുണ്യ ദിനമാണ്. യുവജനങ്ങളിൽ തൊഴിൽ ആഭിമുഖ്യം, തൊഴിൽ അധിഷ്ഠിത പഠന വിദ്യാഭ്യാസ രീതികളോട് താൽപ്പര്യം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആണ് ജൂലൈ 15 ലോക തൊഴിൽ നൈപുണ്യ ദിനമായി ആഘോഷിക്കുന്നത്.

ഇന്ത്യയിൽ ഈ ആഘോഷം വ്യർത്ഥമാണ് എന്നു നാമെല്ലാവർക്കും അറിയാം. തൊഴിലില്ലായ്മ ആകാശംമുട്ടി നിൽക്കുന്ന നമ്മുടെ രാജ്യത്ത് യുവാക്കളുടെ തൊഴിൽ നൈപുണ്യത്തെക്കാൾ ബിജെപി സർക്കാരിന് താൽപ്പര്യം യുവാക്കളെ കൂലി അടിമകളാക്കി മാറ്റുന്ന മുതലാളിത്ത നവലിബറൽ സംവിധാനത്തിനോടാണ്. 2014ൽ അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ യുവാക്കളോട് വഞ്ചനയുടെ 8 കൊല്ലങ്ങൾ പൂർത്തിയാകുമ്പോൾ ലോകത്തിൽ വച്ചു തന്നെ ഏറ്റവും കൂടുതൽ യുവജനങ്ങൾ ഉള്ള നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മയുടെ സ്ഥിതി മാത്രമല്ല തൊഴിൽ നൈപുണ്യമില്ലാതാകുന്ന ദുരവസ്ഥയും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്.

പ്രതിവർഷം 5 കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ പ്രവേശിച്ച ബിജെപി സർക്കാർ ഇന്ന് വരെ ഈ വാഗ്ദാനം പാലിക്കാതെ തൊഴിലില്ലായ്മ സൃഷ്ടിച്ചു എന്നു മാത്രമല്ല 3 വലിയ വഞ്ചനകളാണ് ഈ രാജ്യത്തെ യുവജനങ്ങളോട് ചെയ്തത്.

  1. തൊഴിലില്ലായ്മയുടെ കണക്കുകളിൽ കൃത്രിമം കാണിച്ചു
  2. നിലനിൽക്കുന്ന തൊഴിലവസരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു
  3. തൊഴിൽ നൈപുണ്യത്തിൽ രാജ്യത്തെ പുറകോട്ട് വലിച്ചു.

വ്യക്തമായ തെളിവുകൾ നമുക്കു ലഭ്യമാണ്

തൊഴിലില്ലായ്മ കുറയുന്നു എന്നു സി.എം.ഐ. ഇ യുടെ കണക്കുകൾ കാണിച്ചു പ്രചരണം ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 8.1 ആയിരുന്നുവെങ്കിൽ മാർച്ച് മാസത്തിൽ അത് 7.9% മായി കുറഞ്ഞുവെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ഇതോടൊപ്പം തൊഴിൽ നിരക്ക് കുറഞ്ഞ വസ്തുത ഒരു കേന്ദ്ര സർക്കാരോ അവരുടെ കൂലിയെഴുത്ത്കാരോ പറയില്ല. തൊഴിൽ നിരക്ക് കുറഞ്ഞുവന്നാൽ എന്താണ് അർത്ഥമാക്കുന്നത് ? അതിനർത്ഥം തൊഴിൽ തേടുന്നത് ഇല്ലാതായി എന്നാണ്. ഇനി പുതിയ അവസരങ്ങൾ ഇല്ല എന്ന് മനസിലാക്കിയ ലക്ഷക്കണക്കിന് മനുഷ്യർ അന്വേഷണം നിർത്തി തൊഴിൽ കമ്പോളത്തിൽ നിന്ന് പുറത്തു പോയി. ഇതോടൊപ്പം നിലനിൽക്കുന്ന തൊഴിൽ നഷ്ടപ്പെട്ടവർ വേറെയും ഉണ്ടെന്ന് ഓർക്കുക. മനുഷ്യരുടെ പ്രത്യേകിച്ചു യുവാക്കളുടെ ദയനീയ സ്ഥിതിയെ മറച്ച് വച്ചു അവരുടെ ഗതികേടിനെ തങ്ങളുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ.

നിലനിൽക്കുന്ന തൊഴിലവസരങ്ങളെ ബിജെപി സർക്കാർ ഇല്ലാതാകുന്നത് ആദ്യം മനസിലാക്കിയത് ഐ. എൽ.ഒ ആണ് ( International Labour Organization). അവരുടെ 2017 ലെ റിപോർട്ടിൽ ഇന്ത്യയിലെ തൊഴിൽ അവസരങ്ങൾ നശിച്ചു പോകാൻ സാധ്യത ഉള്ളതാണ് (vulnerable) എന്നു പറഞ്ഞിരുന്നു. ഇപ്പോൾ അത് സത്യമായി. അതോടൊപ്പം നിലനിൽക്കുന്ന തൊഴിൽ അവസരങ്ങളെ കോർപ്പറേറ്റവത്കരിച്ചും അവയെ ഇല്ലാതാക്കാനാണ് ശ്രമം. പൊതുമേഖലകളെ സ്വകാര്യവത്കരിച്ചും അതോടൊപ്പം അഗ്നിപദ് പോലെയുള്ള പദ്ധതികൾ കൊണ്ട് വന്നും തൊഴിലവസരം ഒരു കിട്ടാക്കനിയാക്കി കേന്ദ്രസർക്കാർ മാറ്റി.രണ്ട് കാരണങ്ങൾ കൊണ്ടാണ് അഗ്നിപദ് പദ്ധതിയ്ക്ക് എതിരെ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നത്. ഒന്ന് സേനയിലെ താഴെ റാങ്കിലുള്ള ജോലികളിൽ ഇനി സ്ഥിരം നിയമനം ഉണ്ടാകില്ല. രണ്ട് ഇപ്പോൾ സേനയുടെ സെലക്ഷൻ ഘട്ടം കഴിഞ്ഞവരുടെ ലിസ്റ്റുകൾ റദ്ദ് ചെയ്യപ്പെടും. ഈ പദ്ധതിയെ വൻകിട മുതലാളിമാർ ആദ്യം തന്നെ സ്വാഗതം ചെയതത് ശ്രദ്ധിച്ചാൽ മറ്റുള്ള കാര്യങ്ങൾ ഊഹിക്കാവുന്നതെ ഉള്ളു.

ഏറ്റവും അവസാനമായി തൊഴിൽ നൈപുണ്യത്തെ കുറിച്ച് ; പി.ആർ വർക്കുകൾ കൊണ്ട് ഉത്സവം നടത്തിയ മോദി സർക്കാർ വായുവിൽ വരച്ച വര പോലെ ചില പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. അവ പ്രധാനമായും സ്‌കിൽ ഡവലപ്മെന്റ് അഥവാ നൈപുണ്യ വികസനത്തെ ഊന്നിപറയുന്നവയാണ്. എന്നാൽ ഈ പദ്ധതികൾ വിജയം കണ്ടോ എന്നറിയാൻ ചില പരിശോധനകൾ നടത്താം. UNICEF-ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2030-ഓടെ ഇന്ത്യയിലെ 50% യുവാക്കൾക്ക് തൊഴിലിന് ആവശ്യമായ വൈദഗ്ധ്യം ഉണ്ടായിരിക്കില്ല. ഇന്ത്യൻ യുവാക്കളുടെ കഴിവുകൾ ആഗോള ശരാശരിയേക്കാൾ താഴെയാണെന്ന് അത് ചൂണ്ടിക്കാട്ടി. കൊട്ടിഘോഷിച്ച പദ്ധതികൾ എല്ലാം പരാജയപ്പെട്ടുവെന്നു സാരം.

യുവാക്കളുടെ സ്വപ്നങ്ങൾ തല്ലികെടുത്തുന്ന ബിജെപി ഭരിക്കുമ്പോൾ തൊഴിൽ നൈപുണ്യ ദിനം ആഘോഷിക്കുന്നത് കോവിഡ്‌ കാലത്ത് നടത്തിയ പുഷ്പവൃഷ്ടി പോലെയാണ്.

(എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ജനയു​ഗത്തിൽ പ്രസദ്ധികരിച്ച ലേഖനം)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares