തിരുവനന്തപുരം: ചരിത്രബോധവും മതനിരപേക്ഷ നിലപാടു മുള്ളവരാണ് മലയാളികള്‍ എന്നതിലാണ് പുഴമുതല്‍ പുഴവരെ കേരളത്തില്‍ തമസ്‌ക്കരിക്കപ്പെട്ടതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. 1921ലെ മഹത്തായ മലബാര്‍ പ്രക്ഷോഭത്തെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ സൃഷ്ടിച്ച സിനിമയാണ് പുഴമുതല്‍ പുഴവരെ. വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന സ്വാതന്ത്ര്യ സമര പോരാളിയായ ദേശാഭിമാനിയെ മതതീവ്രവാദിയായി ചിത്രീകരിക്കണമെന്നും മതേതര കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കണമെന്നും ലക്ഷ്യംവെച്ചാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.
മലബാര്‍ പ്രക്ഷോഭത്തെ മതതീവ്രവാദികളുടെ കലാപമായി ചിത്രീകരിക്കേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. മലബാര്‍ പ്രദേശത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച പോരാട്ടമായിരുന്നു വാര്യംകുന്നന്റെയും സഹപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ നടന്നത്. ക്രിമിനലുകളെയും ഗുണ്ടകളെയും ഉപയോഗിച്ച് ഹൈന്ദവ കുടുംബങ്ങളില്‍ കൊള്ളയും കൊലയും നടത്തി അത് ചെയ്തത് മലബാര്‍ പ്രക്ഷോഭകാരികളാണെന്ന് വരുത്തി തീര്‍ത്തത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. അതിലൂടെ ഹൈന്ദവ സമൂഹത്തെ പ്രക്ഷോഭകാരികള്‍ക്ക് എതിരാക്കാന്‍ അവര്‍ക്ക് സാധിച്ചു.
വാര്യംകുന്നത്തിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ബ്രിട്ടൂഷുകാര്‍ അദ്ദേഹവുമായി ബന്ധപ്പെട്ട രേഖകളെല്ലാം നശിപ്പിക്കുകയും വീട് ചുട്ടെരിക്കുകയും ചെയ്തത് സത്യം പുറത്തുവരാതിരിക്കാന്‍ ആയിരുന്നു. എന്നാല്‍ മലബര്‍ പ്രക്ഷോഭത്തിന്റെ മഹത്വം മനസ്സിലാക്കിയ മലയാളി സമൂഹം വാര്യംകുന്നനേയും പ്രക്ഷോഭകാരികളെയും ആദരവോടെ ഇന്നും ഹൃദയത്തിലേറ്റിയിരിക്കുന്നു.
കേരളത്തിന്റെ മതനിരപേക്ഷതയും മതസൗദാര്‍ദവും തകര്‍ക്കാന്‍ പലകുതന്ത്രങ്ങലും പയറ്റുന്ന സംഘപരിവാരങ്ങളുടെ നികൃഷ്ടമായ പുതിയ തന്ത്രമാണ് പുഴമുതല്‍ പുഴവരെ എന്ന സിനിമ. വസ്തുതാവിരുദ്ധമായ അസത്യം മാത്രം പറയുന്ന ഈ സിനിമയെ ചരിത്രരേഖയാക്കി മാറ്റാന്‍ സംഘപരിവാര്‍ ഭരണകൂടം ചിലപ്പോള്‍ തയ്യാറായേക്കാം. അതിനാല്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ ഡിജിറ്റല്‍ യുഗത്തില്‍ മഹാന്മാരായ ആ ധീരദേശാഭിമാനികളുടെ നേര്‍ച്ചിത്രം നമ്മള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തയ്യാറകണമെന്നും എഐവൈഎഫ് തിരുവനന്തപുരം ജില്ലാ ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.