Thursday, November 21, 2024
spot_imgspot_img
HomeKeralaയുവതയുടെ കരുത്ത് വിളിച്ചോതുന്ന സമ്മേളനം; ചരിത്രം കുറിക്കട്ടേ സിപിഐ

യുവതയുടെ കരുത്ത് വിളിച്ചോതുന്ന സമ്മേളനം; ചരിത്രം കുറിക്കട്ടേ സിപിഐ

എൻ അരുൺ
(എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്)

വകാശ പോരാട്ടങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഒക്ടോബര്‍ 14- 18 തീയതികളില്‍ വിജയവാഡയില്‍ നടക്കുകയാണ്. അതിനു മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെ തിരുവനന്തപുരത്തു നടക്കുമ്പോള്‍ സഖാക്കളെല്ലാം അതിയായ ആവേശത്തിലാണ്. 25 വര്‍ഷത്തിന് ശേഷമാണ് തലസ്ഥാന നഗരിയില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നത്.

സവിശേഷമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുന്ന കാലത്താണ് സമ്മേളനം നടക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കാറ്റ് രാജ്യത്ത് വീശിയടിക്കുമ്പോള്‍, ചെറുത്തു തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സംഘടനാപരമായി ഇനിയും ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ആ വീക്ഷണത്തില്‍ നിന്നാണ് 50 വയസ്സില്‍ താഴെയുള്ള 40 ശതമാനം പേരെ പാര്‍ട്ടി ഘടകങ്ങളില്‍ ഉള്‍പ്പെടുത്തണം എന്ന ശക്തമായ തീരുമാനം സിപിഐ കൈക്കൊണ്ടത്. യുവതയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിലൂടെ, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലമാക്കാന്‍ സാധിക്കുമെന്ന നേതൃത്വത്തിന്റെ തിരിച്ചറിവിനെ എഐവൈഎഫ് അഭിനന്ദിക്കുന്നു.

സുപ്രധാനമായ ഈ രണ്ട് സമ്മേളന നഗരിയിലും ഉയരുന്ന രക്തപതാകയും വഹിച്ചുകൊണ്ടുള്ള ജാഥകള്‍ നയിക്കുന്നത് പാര്‍ട്ടിയുടെ യുവരക്തങ്ങളാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സ് പതാക ജാഥ എഐവൈഎഫ്-എഐഎസ്എഫ് ജനറല്‍ സെക്രട്ടറിമാരായ സഖാക്കള്‍ ആര്‍.തിരുമലെ, വിക്കി മഹേശ്വരി എന്നിവര്‍ നയിക്കുമ്പോള്‍ സംസ്ഥാന സമ്മേളന പതാകജാഥ നയിക്കുന്നത് എഐവൈഎഫ്-എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ സഖാക്കള്‍ ടി ടി ജിസ്‌മോനും കബീറുമാണ്.

സമ്മേളനങ്ങളുടെ സുപ്രധാനമായ ചുമതലകള്‍ യുവതയെ ഏല്‍പ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത് രാജ്യത്തുടനീളം യുവതയെ അണിനിരത്തി പാര്‍ട്ടി സൃഷ്ടിക്കാന്‍ പോകുന്ന മുന്നേറ്റത്തിന്റെ സൂചനയാണ്. ഘടകങ്ങളില്‍ 40 ശതമാനം യുവാക്കളുടെ സംവരണം എന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം അണുവിട തെറ്റാതെയാണ് കേരളത്തിലെ 14 ജില്ലകളിലെയും സഖാക്കള്‍ നടപ്പിലാക്കിയത്. 15 ശതമാനം വനിതാ സംവരണം എന്നതും വിപ്ലവകരമായ തീരുമാനമാണ്.

ഒറ്റക്കെട്ടായി, ഒരൊറ്റ മനസ്സായി രാജ്യം ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്ന് ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറയുന്ന സിപിഐയുടെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക്, യുവത്വം തുളുമ്പുന്ന സംഘടനാ ശേഷി കൂടുതല്‍ കരുത്തു പകരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഒരു വര്‍ഗീയവാദിക്ക് മുന്നിലും കമ്മ്യൂണിസ്റ്റുകാര്‍ ഈ രാജ്യത്തെ അടിയറവു വയ്ക്കുകയില്ല. പോരാട്ടങ്ങള്‍ അവസാനിക്കുന്നുമില്ല. കെട്ടകാലത്ത്, അരികുവത്കരക്കപ്പെടുന്ന ജനതയുടെ അവസാന പ്രതീക്ഷയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചെങ്കൊടി. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാതെ പ്രവര്‍ത്തിക്കുക എന്നത് ഓരോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്റെയും കടമയാണ്. വരുംകാലത്ത് കൂടുതല്‍ ശക്തമായി പോരാടാന്‍, സിപിഐയുടെ ഈ സമ്മേളനം ഊര്‍ജം പകരട്ടേ, സമ്മേളനത്തിന് സ്‌നേഹാഭിവാദ്യങ്ങള്‍…

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares