തിരുവനന്തപുരം: ലോകത്തിനു മുന്നിൽ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമഞ്ഞു നടക്കുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രിയെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ആ സാഹചര്യത്തിലാണ് ഗുജറാത്ത് കലാപത്തെ കുറിച്ച് സത്യം വിളിച്ചു പറഞ്ഞു ബിബിസി ഡോക്യുമെന്ററിയുടെ പുറത്ത് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനു പിന്നാലെ പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ മോദിയുടെ നല്ലവനായ സന്യാസി വേഷം പൊളിഞ്ഞു താഴെ വീണുവെന്ന് അദ്ദേഹം പരിഹസിച്ചു. അതിന്റെ ചൊരുക്ക് സംഘ് പരിവാറുകാർക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങളിൽ ഇന്ത്യക്ക് കിട്ടുന്ന സ്വീകാര്യത നരേന്ദ്ര മോദി വിദേശ യാത്രകൾ നടത്തിയുണ്ടാക്കിയതല്ല. മറിച്ചു മുൻഗാമികൾ ഉണ്ടാക്കിവെച്ച ഫോറിൻ പോളിസികളുടെ ഫലമായാണ്. ട്രമ്പിന്റെ അമേരിക്കയിലും, ബോൾസനാരോയുടെ ബ്രസീലിലും, നെതന്യഹുവിന്റെ ഇസ്രയേലിലുമാണ് മോദിക്ക് സ്വീകാര്യത കിട്ടിയത്. ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നപ്പോൾ രാജ്യം തല കുനിച്ചത് പോലെ ഡോക്യുമെന്ററി പുറത്തുവന്നതിനു പിന്നാലെയും തലകുനിച്ചിരിക്കുകയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. കലാപം നടത്തി കൊന്നു കളഞ്ഞ മനുഷ്യരുടെ ചോരയിൽ ചവിട്ടിയാണ് നരേന്ദ്ര മോദി ഡൽഹിയിൽ എത്തിയതെന്നും തുടരുന്നതെന്നും ലോകം പിന്നെയും ഓർക്കുമെന്നും അരുൺ പറഞ്ഞു.
എൻ അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ലോകത്തിനു മുന്നിൽ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമഞ്ഞു നടക്കുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി. അപ്പോഴാണ് ഗുജറാത്ത് കലാപത്തെ കുറിച്ച് സത്യം വിളിച്ചു പറഞ്ഞു ബിബിസി ഡോക്യുമെന്ററിയുടെ രംഗപ്രവേശം. പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ നല്ലവനായ സന്യാസി വേഷം ദേ പൊളിഞ്ഞു താഴെ വീണു! അതിന്റെ ചൊരുക്ക് സംഘ് പരിവാറുകർക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ലോക രാജ്യങ്ങളിൽ ഇന്ത്യക്ക് കിട്ടുന്ന സ്വീകാര്യത നരേന്ദ്ര മോദി വിദേശ യാത്രകൾ നടത്തിയുണ്ടാക്കിയതല്ല. മറിച്ചു മുൻഗാമികൾ ഉണ്ടാക്കിവെച്ച ഫോറിൻ പോളിസികളുടെ ഫലമായാണ്. മോദിക്ക് എവിടെയൊക്കെയാണ് സ്വീകാര്യത കിട്ടിയത്? ട്രമ്പിന്റെ അമേരിക്കയിൽ, ബോൾസനാരോയുടെ ബ്രസീലിൽ, നെതന്യാഹുവിന്റെ ഇസ്രയേലിൽ! എല്ലാം ഒരേ തൂവൽ പക്ഷികൾ…
ഡോക്യുമെന്ററി നിരോധനത്തിന്റെ പേരിൽ ലോകമെങ്ങും ചർച്ചകൾ നടക്കുന്നു. കോവിഡ് കാലത്ത് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നപ്പോൾ നീറി തല കുനിച്ചത് പോലെ ഇന്ത്യ വീണ്ടും ലോകത്തിനു മുന്നിൽ തല കുനിക്കേണ്ടി വരും. കലാപം നടത്തി കൊന്നു കളഞ്ഞ മനുഷ്യരുടെ ചോരയിൽ ചവിട്ടിയാണ് നരേന്ദ്ര മോദി ഡൽഹിയിൽ എത്തിയതെന്നും തുടരുന്നതെന്നും ലോകം പിന്നെയും ഓർക്കും. അതുകൊണ്ട് സംഘ് പരിവാറുകാരാ, ലോകത്തിന് മുന്നിൽ ഇന്ത്യയെ മാനം കെടുത്തുന്നത് നിങ്ങളാണ്, നിങ്ങളുടെ നേതാവാണ്, നിങ്ങൾ തന്നെ ചെയ്തു കൂട്ടിയ കൊള്ളരുതായ്കകളാണ്. അല്ലാതെ ആ ഡോക്യുമെന്ററി ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ഇടത് പുരോഗമന പ്രസ്ഥാനങ്ങളല്ല. ഞങ്ങൾ ഇനിയും അത് പ്രദർശിപ്പിക്കും. പുതിയ തലമുറ 2002 അറിയേണ്ടതുണ്ട്, എന്താണ് ആർഎസ്എസ് എന്ന് മനസിലാക്കേണ്ടതുണ്ട്. അതുകണ്ടു ഒരാളെങ്കിലും നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ ധൈര്യപ്പെട്ടാൽ അത് ഞങ്ങളുടെ വിജയമാണ്, രാജ്യത്തിന്റെ വിജയമാണ്…