രാജ്യത്ത് വർധിച്ചു വരുന്ന വിലക്കയറ്റത്തെ മറയാക്കി സംസ്ഥാനത്തെ ചില ഹോട്ടലുകൾ നടത്തി വരുന്ന തീവെട്ടിക്കൊള്ള പുറംലോകത്തേക്കെത്തിച്ച എംഎൽഎ ചിത്തരഞ്ജനെതിരെ കോൺഗ്രസ് നടത്തുന്ന വ്യക്തിഹത്യക്കെതിരെ പ്രതികരിച്ച് എഐവൈഎഫ്. വിലക്കയറ്റത്തിനെതിരായ പോരാട്ടങ്ങളിൽ വി ടി ബൽറാമിനെയും രാഹുൽ മാങ്കുട്ടത്തിലിനെയും കോൺഗ്രസ് മുന്നിൽ നിർത്തണമെന്ന് എഐവൈഎഫ് സംസ്ഥാനസെക്രട്ടറി ടി ടി ജിസ്മോൻ. കോൺഗ്രസിൻ്റെ യുവ നേതൃത്വം എത്രമേൽ അപക്വവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് വി ടി ബൽറാമിൻ്റെയും രാഹുൽ മാങ്കുട്ടത്തിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വിലക്കയറ്റത്തിനെതിരായ പോരാട്ടങ്ങളിൽ ശ്രീ വി.ടി.ബൽറാമിനെയും ശ്രീ രാഹുൽ മാങ്കുട്ടത്തിലിനെയും കോൺഗ്രസ് മുന്നിൽ നിർത്തണം. കോൺഗ്രസിൻ്റെ യുവ നേതൃത്വം എത്രമേൽ അപക്വവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് വി.ടി.ബൽറാമിൻ്റെയും രാഹുൽ മാങ്കുട്ടത്തിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ.രണ്ട് സിംഗിൾ മുട്ടക്കറിക്കും 5 അപ്പത്തിനും 190 രൂപ അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ അവിടുത്തെ ജനപ്രതിനിധി കൂടിയായ സഖാവ് ചിത്തരഞ്ജൻ എംഎൽഎ അധികാരികൾക്ക് പരാതി നല്കിയതാണ് യുവകോൺഗ്രസ് സുഹൃത്തുക്കളെ ചൊടിപ്പിച്ചത്.രാജ്യം രൂക്ഷമായ വിലക്കയറ്റത്തിലൂടെ ജനങ്ങളെ പൊറുതിമുട്ടിക്കുമ്പോൾ അതിൻ്റെ കൂടെ ഇത്തരം തീവെട്ടിക്കൊള്ള നടത്തുന്നവർക്കെതിരെയുള്ള താക്കീതുകൂടിയാണ് ചിത്തരഞ്ജൻ എംഎൽഎ യുടെ പരാതിയും പരസ്യ പ്രതികരണവും.എന്നാൽ അമിത വിലയീടാക്കുന്ന ഇത്തരം കൊള്ളക്കാർക്ക് ഓശാന പാടുകയും അതിനെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ ഒരു ജന പ്രതിനിധിയെ പരസ്യമായി അപമാനിക്കാനുള്ള ബൽറാമിൻ്റെയും രാഹുലിൻ്റെയും പരിശ്രമങ്ങളെ കേരള ജനത നന്നായി മനസിലാക്കുന്നുണ്ട്. സുഖലോലുപതയുടെ അത്യുന്നതങ്ങളിൽ ജീവിക്കുന്ന നിങ്ങൾക്കിത് വലിയ വിലയായിരിക്കില്ല. പക്ഷേ കേരളത്തിലെ സാധാരണക്കാർക്ക് 5 അപ്പത്തിനും രണ്ട് സിംഗിൾ മുട്ടക്കറിക്കും ഈ വില തീവിലയാണ് മിസ്റ്റർ.പിന്നെ നിങ്ങൾ അക്ഷേപിച്ച പൈസ അണ്ണൻ തരുമെന്ന പ്രയോഗം മനസിൽ വല്ലാതെ കുറ്റബോധം ഉള്ളതിനാലാണെന്ന് ബോധ്യപ്പെട്ടു. ഗൂഗിളിൽ കാശ് അണ്ണൻ തരും എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ കിട്ടും തിരുവനന്തപുരത്ത് ഭക്ഷണം കഴിച്ചിട്ട് കാശ് അണ്ണൻ തരുമെന്ന് പറഞ്ഞു പോയ കെ എസ് യു – യൂത്ത് കോൺഗ്രസ് കാരുടെ ലിസ്റ്റ്.രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിലെ യുവ നേതൃത്വം കോൺഗ്രസിനെയെങ്കിലും രക്ഷിക്കാൻ നോക്കുക.
ടി.ടി.ജിസ്മോൻ