പി വി അൻവറിന്റെ വ്യാജാരോപണങ്ങൾക്കെതിരെ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സിപിഐ നേതൃത്വം ഏറനാട് നിയമസഭ സീറ്റ് 2011 ലും 2021 ലും വില്പന നടത്തിയെന്നും അതിനായി പാർട്ടി നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങി എന്നുമുള്ള അൻവറിന്റെ ആരോപണങ്ങൾക്കെതിരെയാണ് ടി ടി ജിസ്മോൻ രംഗത്തെത്തിയത്. പി വി അൻവർ എന്ന രാഷ്ട്രീയ കൗശലക്കാരന്റെ പൊയ്‌മുഖം കേരളത്തിൽ ആദ്യമായി തുറന്നു കാട്ടിയത് സിപിഐയും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഏറനാട് സീറ്റ് മോഹിച്ചു കൊണ്ട് അൻവർ പാർട്ടിയെ സമീപിക്കുകയും എന്നാൽ തെരഞ്ഞെടുപ്പും പാർലമെന്ററി അധികാരവുമല്ലാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ കണിക പോലും അദ്ദേഹത്തിനില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സി കെ ചന്ദ്രപ്പൻ പ്രാഥമിക ഘട്ടത്തിൽ തന്നെ അൻവറിനെ തള്ളുകയുമായിരുന്നു. ഇതേ തുടർന്നാണ് സി കെ ചന്ദ്രപ്പൻ 25 ലക്ഷം രൂപക്ക് നിയമസഭ സീറ്റ് വിറ്റു എന്ന ജല്പനം അൻവർ നടത്തുന്നത്. സിപിഐ ഏറനാട് സീറ്റ് വിറ്റുവെന്നും പാർട്ടി നേതാക്കൾ കോഴ വാങ്ങിയെന്നതുമടക്കമുള്ള ആരോപണങ്ങൾ പി വി അൻവർ ആധികാരികമായി തെളിയിക്കണമെന്ന് ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.
അധികാര ദുർമോഹവും വഴിപിഴച്ച സാമ്പത്തിക താത്‌പര്യങ്ങളും അവസര വാദവും രാഷ്ട്രീയ സദാചാര രാഹിത്യവും മുഖ മുദ്രയാക്കിയിട്ടുള്ള പി വി അൻവർ തന്റെ പൊയ്‌മുഖം കേരള ജനത തിരിച്ചറിഞ്ഞതിന്റെ ജാള്യത സിപിഐക്കെതിരെ വ്യാജം പ്രചരിപ്പിച്ച് മറക്കാൻ ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടത്പക്ഷ നൈതികതയുടെ ജീവനും സത്തയും നിരാകരിച്ച് ചിലർ സങ്കുചിത താല്‍പ്പര്യങ്ങളുമായി അപമാനകരമായ അനുരഞ്ജനത്തിന്നൊരുങ്ങിയതിന്റെ പരിണിത ഫലമായാണ് അൻവറിനെ പോലുള്ള രാഷ്ട്രീയ ഭാഗ്യാന്വേഷികൾ വളർന്നത്. അൻവർ സിപിഐക്കും സിപിഐ നേതാക്കൾക്കുമെതിരെ ഉന്നയിച്ച ഏത് ആരോപണങ്ങൾക്കും തുറന്ന വേദിയിലടക്കം മറുപടി പറയാൻ എഐവൈഎഫ് തയ്യാറാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.