ആലപ്പുഴ: ക്യാമ്പസുകളിലെ ബഹുസ്വരത ഇല്ലാതാക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എസ് ഡി കോളേജിൽ എസ്എഫ്ഐ ആക്രമണത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎസ്എഫ് സംസ്ഥാന ഭാരവാഹികളായ പി കബീർ, ആർ എസ് രാഹുൽ രാജ് എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ ഭാരവാഹികളായ അസ്ലംഷാ, യു. അമൽ തുടങ്ങിയവരും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിക്കൊപ്പം ആശുപത്രിയലെത്തിയിരുന്നു.
എഐഎസ്എഫ് പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു. എഐഎസ്എഫ് പ്രവർത്തകരായ നാല് പേർക്കാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റത്. എഐഎസ്എഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയും ആദ്യ വർഷ മലയാളം വിദ്യാർത്ഥിയുമായ എ കെ അരവിന്ദ്, ചെയർമാൻ സ്ഥാനാർത്ഥിയായ ആദ്യ വർഷ ബി കോം വിദ്യാർത്ഥിനി ആർഷ, അവസാന വർഷ ബി കോം വിദ്യാർത്ഥി അർജുൻ, അവസാന വർഷ ഹിസ്റ്ററി വിദ്യാർത്ഥി യൂസഫ് എന്നിവർക്കാണ് ക്രൂരമായ മർദ്ദനം ഏറ്റത്.
കോളേജ് യൂണിയൻ ഇലക്ഷന് മുൻപുള്ള കൊട്ടികലാശത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകേപനം കൂടാതെ അക്രമം അഴിച്ചുവിട്ടുകയായിരുന്നു. പുറത്തുനിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്യാമ്പസിൽ കലാപന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചത്.