എഐവൈഎഫ് സംസ്ഥാന ശിൽപ ശാലയ്ക്ക് കുമളിയിൽ തുടക്കമായി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പതാക ഉയർത്തി. രണ്ടു ദിവസം നടക്കുന്ന ശിൽപശാലയുടെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് സുഖ്‌ജിന്ദർ മഹേശ്വരി നിർവഹിച്ചു. പതിനാല് ജില്ലകളിൽ നിന്നുമായി 160 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി കുമളിയിൽ എത്തിചേർന്നിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രവർത്തന പരിപാടി അവതരിപ്പിക്കും. തുടർന്ന് ‘കല,സാഹിത്യ സംസ്കാരം,യുവത്വം’ എന്ന വിഷയത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
30 ന് രാവിലെ 9 ന് റവന്യു മന്ത്രി കെ രാജൻ പ്രതിനിധികളുമായി മുഖാമുഖം നടത്തും. തുടർന്ന് 10 ന് ‘പരിസ്ഥിതിയും വികസനവും മാർക്സിയൻ കാഴ്ചപ്പാടുകളും’ എന്ന വിഷയത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 11 ന് ‘ഫാസിസ്റ്റ് കാലത്തെ ജനാധിപത്യ ഇന്ത്യയും അരാഷ്ട്രീയ വത്കരണവും പോരാട്ടവും പ്രതിരോധവും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും ക്ലാസ്സുകൾ നയിക്കും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, വാഴൂർ സോമൻ എം എൽ എ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കും. തുടർന്ന് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു ചർച്ചകളുടെ ക്രോഡീകരണം നടക്കും.
വൈകിട്ട് 3.30 ന് ശില്പ ശാല സമാപിക്കും.