തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയെന്ന പേരില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. സമരക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തുകയും പരിഹാര നടപടികള്‍ സ്വീകരിച്ചതുമാണ്.എന്നാല്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ പേരില്‍ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ അക്രമിച്ച് കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അഗീകരിക്കാനാവില്ല.
കലാപകാരികള്‍ക്ക് ഒപ്പം ചേര്‍ന്ന് മുതലക്കണ്ണീരൊഴുക്കുന്ന പ്രതിപക്ഷത്തിന്‍റെ നിലപാടില്ലായ്മ കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.സമരസമിതിയുടെ പേരില്‍ കലാപം സൃഷ്ടിച്ചവരെ വെള്ളപൂശാനുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇടതുമുന്നണിയിലെ ഏതെങ്കിലും ഒരു നേതാവിന്‍റെ ഭാഗത്ത് നിന്നും കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇത്തരം അപക്വമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വയം പരിശോധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.