തിരുവനന്തപുരം: ജനക്ഷേമം മുന്നിൽ കണ്ടു എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് മികവുറ്റതാണ്. കാർഷിക, വ്യാവസായിക മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുളള ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് എഐവൈഎഫ്. പദ്ധതി വിഹിതത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവിൽ നിന്ന് അതിജീവിക്കാൻ കഴിയുന്ന തരത്തിലുളളതാണ് സംസ്ഥാന ബജറ്റാണ് കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം മുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതികൾ,സ്ത്രീ സുരക്ഷ ഊന്നി കൊണ്ടുള്ള പദ്ധതികൾ എന്നിവയ്ക്ക് വേണ്ടി ബജറ്റിൽ വകയിരുത്തിയത് ഏറെ പ്രശംസനീയമാണ്.
അതിദാരിദ്ര്യം ഇല്ലാതാക്കൽ, ഭക്ഷ്യ ഭദ്രത ഉറപ്പാക്കൽ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളിലൂടെ കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരാൻ ഉപകരിക്കുന്ന ബജറ്റ് കൂടിയാണ് എൽഎഡിഎഫ് സർക്കാർ അവതരിപ്പിച്ചത്.
ജനക്ഷേമ ബജറ്റ് ആണ് അവതരിപ്പിച്ചതെങ്കിലും പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണ്. കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കാൻ തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും അത്തരം നടപടി പിന്തുടരുന്നത് ശരിയല്ല. ഈ നടപടി പിൻവലിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.