തിരുവനന്തപുരം: പ്രണയ ദിനത്തിൽ കൗ ഹഗ് ഡേയ് ആയി ആചാരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം അദാനി വിഷയം മറയ്ക്കാനുള്ള ബിജെപി ഐടി സെൽ നീക്കമാണ്. പാർലമെന്റിൽ അദാനി-മോദി കൂട്ടുകെട്ട് ഉയർത്തി ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്തുകൊണ്ടാണ് അദാനിക്ക് എതിരെ കേസെടുക്കാത്തത് എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മോദി മറുപടി നൽകുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന ഗൗരവതരമായ വിഷയം ആയതുകൊണ്ട് സംയുക്ത പാർലമന്ററി സമിതിയോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലൊ അന്വേഷണം നടത്തണം എന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷ പ്രതിഷേധം ചർച്ചയാകും എന്ന സ്ഥിതി വന്നപ്പോഴാണ് പതിവ് പ്രചാരണവുമായി ബിജെപി രംഗത്തെതിയത്. മുഖ്യധാരാ മാധ്യമങ്ങൾ അദാനി വിഷയത്തിന് നേരെ കണ്ണടച്ച് നിൽക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പക്ഷെ ജനവികാരം ആളുന്നുണ്ട്. ഇത് മനസിലാക്കിയാണ് ബിജെപി പശു രാഷ്ട്രീയം വീണ്ടും എടുത്തിടുന്നത്. കേന്ദ്ര സർക്കാരിന് നേരെ അതിശക്തമായ വിമർശനം ഉയരുമ്പോൾ എല്ലാം തന്നെ എന്തെങ്കിലും വർഗ്ഗീയ പരാമർശങ്ങളും മണ്ടത്തരങ്ങളും വിളമ്പി രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുക എന്നത് ബിജെപി ഐടി സെല്ലിന്റെ സ്ഥിരം കലാപരിപാടിയാണ്. ഇത് മനസ്സിലാക്കി, പുരോഗമന-ജനാധിപത്യ സംഘടനകൾ അദാനി വിഷയം കൂടുതൽ ശക്തമാക്കി ഉയർത്തേണ്ടതുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.