തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനൊപ്പം വേദി പങ്കിട്ട ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ നടപടി അപലപനീയമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടന വേളയിൽ അക്രമണ വിധേയമായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എൽഡിഎഫ് സർക്കാരിന്റെ നയം എന്തെന്ന് കൃത്യമായ നിലപാട് പൊതുസമൂഹത്തിന് നൽകിയിരുന്നു. എന്നാൽ അതേ കേസിലെ മുഖ്യസൂത്രധാരനായ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിനൊപ്പം ചലചിത്ര അക്കാദമിയുടെ ചെയർമാൻ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയർമാൻ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.