കോർപറേറ്റ് വിധേയത്വം മുഖ മുദ്രയാക്കിയ നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ പ്രഥമ ബജറ്റിലും മുതലാളിത്ത പ്രീണനപരമായ നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കി ഇക്കൂട്ടരുടെ പിന്തുണ ആർജ്ജിക്കുവാനാനുള്ള ശ്രമമാണ് നടത്തിയതെന്ന് എഐവൈഎഫ്.
രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ എണ്ണത്തിനനുസരിച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന നിർദേശങ്ങളോ നടപടികളോ ബഡ്ജറ്റിലില്ല. പൊതുമേഖല സ്ഥാപനങ്ങളും അവയുടെ ആസ്‌തികളും കോർപ്പറേറ്റുകളുടെ കൈകളിലെത്തിക്കുകയെന്ന കേന്ദ്ര നയത്തിന്റെ തുടർച്ചയായി തന്നെയാണ് പുതിയ ബജറ്റിനെ വിലയിരുത്തേണ്ടതെന്നും എഐവൈഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
സഖ്യ കക്ഷികളെ പ്രീതിപ്പെടുത്താൻ ചില സംസ്ഥാനങ്ങൾക്ക് വൻതോതിൽ ആനുകൂല്യങ്ങൾ അനുവദിക്കുകയും കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതങ്ങളോ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ നൽകാതെ അവിടങ്ങളിലെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനവും കേന്ദ്രം സ്വീകരിച്ചു.
സങ്കുചിത രാഷ്ട്രീയ താല്പര്യം മുൻ നിർത്തിയുള്ള ബഡ്ജറ്റ് അവതരണത്തിൽ കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ടീയ വിദ്വേഷവും പതിവ് ശത്രുത മനോഭാവവും ഇക്കുറിയും തുടരുകയാണുണ്ടായത്.ബജറ്റ് പ്രസംഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ പേര് പോലും പരാമർശിച്ചില്ല.
കേരളത്തിന് ഇക്കുറിയും എയിംസ് അനുവദിക്കാൻ തയ്യാറായില്ല.അതിവേഗ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ അനുവദിക്കുന്ന വിഷയത്തിലും പ്രളയ ദുരിതാശ്വാസം നൽകുന്ന കാര്യത്തിലും കേരളത്തോട് തീർത്തും അവഗണനയാണ് കാണിച്ചത്.
2022-23 ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോടും കേന്ദ്രം നിഷേധാത്മക സമീപനമാണ് ബഡ്ജറ്റിൽ സ്വീകരിച്ചത്.കോർപറേറ്റ് വിധേയത്വവും യുവജന വഞ്ചനയും കേരള വിരുദ്ധതയും മുഖ മുദ്രയാക്കിയ കേന്ദ്ര ബജറ്റിന്നെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ജന ദ്രോഹ ബജറ്റിന്നെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അറിയിച്ചു.