ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത പഞ്ചാബ് സ്വദേശി ഗ്യാൻ സിംഗിന്റെ മരണത്തിന്നുത്തരവാദി നരേന്ദ്ര മോദി സർക്കാറാണെന്ന് എഐവൈഎഫ്. ഗുരുദാസ്പൂർ ജില്ലയിൽ നിന്നുള്ള 63 കാരനായ ഗ്യാൻ സിംഗ് ഭരണകൂടത്തിൻ്റെ ടിയർ ഗ്യാസ് ഷെൽ ആക്രമണത്തിലും, റബ്ബർ ബുള്ളറ്റ് ആക്രമണത്തിലും ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് ഇന്ന് മരണമടഞ്ഞത്.
സമരത്തിന്റെ തുടക്കം മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇരുമ്പാണികൾ റോഡിൽ നിരത്തിയും ബാരിക്കേഡുകൾക്ക് പുറമെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചും ഇന്റർനെറ്റ് സേവനം നിർത്തലാക്കിയും സ്വത സിദ്ധമായ ഫാസിസ്റ്റ് ശൈലിയിൽ നേരിടാനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
സമരക്കാർക്ക് നേരെ വ്യാപകമായി കണ്ണീർ വാതകം പ്രയോഗിച്ചും അതിർത്തികളിൽ കർഷകർക്ക് നേരെ കടന്നാക്രമണം നടത്തിയും യുദ്ധ സമാനമായ പ്രതിരോധ സംവിധാനങ്ങളൊരുക്കി ജനകീയ സമരത്തെ അടിച്ചമർത്താമെന്ന് വ്യാമോഹിക്കുകയാണ് മോദിയും കൂട്ടരും. പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മാനുഷിക മൂല്യ നിരാകരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിഫലനങ്ങളായി മാറുകയാണ് കേന്ദ്ര സർക്കാറെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.