Friday, November 22, 2024
spot_imgspot_img
HomeKeralaവേലി തന്നെ വിളവ് തിന്നുന്നു, വിരമിക്കൽ സമയം കഴിഞ്ഞവർക്ക് കാലാവധി നീട്ടിനൽകൽ: ഹൈക്കോടതിയുടേത് നീതിന്യായ വ്യവസ്ഥകളുടെ...

വേലി തന്നെ വിളവ് തിന്നുന്നു, വിരമിക്കൽ സമയം കഴിഞ്ഞവർക്ക് കാലാവധി നീട്ടിനൽകൽ: ഹൈക്കോടതിയുടേത് നീതിന്യായ വ്യവസ്ഥകളുടെ ലംഘനം: എഐവൈഎഫ്

തിരുവനന്തപുരം: വിരമിക്കൽ കാലാവധികഴിഞ്ഞ രണ്ട് ജീവനക്കാർക്ക് കാലാവധി നീട്ടി നൽകി കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ ലംഘനം തന്നെയാണെന്ന് എഐവൈഎഫ്. സർക്കാരിന്റെ എതിർപ്പിനെ പോലും വകവയ്ക്കാതെ കോടതി ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ കാലവധി ഉയർത്തി നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് ഉദ്യോ​ഗാർത്ഥികൾക്ക് നേരെയുള്ള നീതി നിഷേധമാണ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ വ്യക്തമാക്കി. കോടതിയുടെ ഈ നടപടി നീതിന്യായ വ്യവസ്ഥയിൽ ഓരോ പൗരനുമുള്ള വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഒട്ടും തന്നെ അടിയന്തിര പ്രാധാന്യമില്ലാത്ത ഒരു ഹർജയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് വാദം കേട്ട് ഉത്തരവിറക്കിയതിന്റെ ചേതോവിഹാരം പൊതുസമൂഹം തിരിച്ചറിണം. പെൻഷൻ പ്രായം സംബന്ധിച്ച് സമർപ്പിച്ച ഹർജിയിൽ സർക്കാരാണ് എതിർഭാ​ഗത്ത് വരുന്നത്. എന്നാൽ ഇവിടെ സർക്കാരിന്റെ പ്രതികരണം എന്തെന്ന് പോലും ചോദിക്കാതെയാണ് കോടതിയുടെ വിധിവന്നിരിക്കുന്നത്. ഇത് തീർത്തും ഏകപക്ഷീയ നടപടിതന്നെയാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.

പെൻഷൻ പ്രായമായിട്ടും വിരമിക്കാൻ അനുവദിക്കാതെ അവരെ സംരക്ഷിച്ച് നിർത്തുന്ന പുതിയ ഉത്തരവ് യുവജനങ്ങൾക്ക് വലിയ ഭീക്ഷണിതന്നെയാണെന്ന് എഐവൈഎഫ് പ്രസ്ഥാവനയിലൂടെ അറിയിച്ചു. സർക്കാർ ജോലി സ്വപ്നം കാണുന്ന, അതിനായി ആത്മാർത്ഥമായി ശ്രമിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്കു നേരെയുള്ള വെല്ലുവിളി തന്നെയാണ് കോടതിയുടെ പുതിയ ഉത്തരവ്. സർക്കാർ നിഷ്കർഷിക്കുന്ന വിരമിക്കൽ പ്രായം 56 വയസ്സാണെന്നിരിക്കെ ഡിസംബർ 31 വിരമിക്കേണ്ട ജോയിന്റ് രജിസ്ട്രാർ വിജയകുമാരി അമ്മയും, ഡഫെദാർ പി പി സജീവ് കുമാറുമാണ് കോടതി വഴി അനുകൂല ഉത്തരവ് സ്വന്തമാക്കിയത്. കോടതിയുടെ പഴുതുകൾ അറിയുന്ന ഉദ്യോ​ഗസ്ഥർ അതിന്റെ മറവിലൂടെ സർക്കാരിനെപോലും കബളിപ്പിച്ചാണ് തങ്ങൾക്ക് അനുകൂലമായി ഉത്തരവ് വളരെപ്പെട്ടന്ന് നേടിയെടുത്തത്.

ഡിസംബർ 23 മുതൽ ജനുവരി മൂന്ന് വരെ ഹൈക്കോടതി ക്രിസ്മസ് അവധിയിലേക്ക് പ്രവേശിക്കുന്നതിനാൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാരിന് സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഈ ഉദ്യോ​ഗസ്ഥർ ഇങ്ങനൊരു സമയം തന്നെ ഇത്തരം ഹർജിക്കായി തെരഞ്ഞെടുത്തത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് ഒരോ ഉദ്യോ​ഗാർത്ഥികൾക്കെതിരെയുള്ളതാണ്. നിതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ഇത്തരം ഉത്തരവുകൾ ഒരു സംസ്ഥാനത്തിന്റെ പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായത് ഖേദകരം തന്നെയാണെന്ന് എഐവൈഎഫ് പ്രസ്ഥാവനയിലൂടെ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares