1991-ൽ അധികാരത്തിൽ വന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണകൂടം കേന്ദ്ര സർക്കാറിന്റെ സ്വകാര്യവത്ക്കരണ ഉദാരവത്ക്കരണ നയത്തിനനുസരിച്ച് കേരളത്തിലും നയപരിപാടികൾ നടപ്പിലാക്കിയ തുടങ്ങിയ ഘട്ടം. വിദ്യാഭ്യാസത്തെ കച്ചവടസാധ്യതകളുടെ കമ്പോളമാക്കി മാറ്റിയ സ്വാശ്രയ കോളേജുകളിലൂടെ ലക്ഷ്യം വെച്ച സമ്പൂർണ്ണമായ വിദ്യാ വാണിഭ വത്കരണത്തിന്നെതിരെ കേരളത്തിലാകമാനം വിദ്യാർത്ഥി യുവജന സമരാഗ്‌നി പടർന്നുകയറി. അറിവിന്റെ ജനാധിപത്യവത്ക്കരണത്തിനായുള്ള പോരാട്ടങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭരണത്തിന്റെ അപ്രമാദിത്വത്തിന്റെ ബലത്തിൽ മൃഗീയമായി അടിച്ചമർത്താനാണ് അന്ന് ഗവണ്മെന്റ് ശ്രമിച്ചത്.
1991 ഡിസംബർ 8 ന് സംസ്ഥാനത്ത് നടപ്പാക്കിയ നിരോധനാജ്ഞയും അനുബന്ധ സംഭവങ്ങളും കരുണാകരൻ സർക്കാരിന്റെ മാനുഷിക മൂല്യ നിരാകരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിഫലനങ്ങളായിരുന്നു. ഡിസംബർ 9 ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ച് കൊണ്ട് വരേണ്യ വർഗ്ഗത്തിന് മാത്രം പ്രാപ്യമാകുന്ന ഒന്നായി വിദ്യാഭ്യാസത്തെ മാറ്റുന്ന ഭരണ കൂട നയ വൈകല്യത്തിന്നെതിരെ കേരളം ഒന്നടങ്കം പ്രതികരിച്ചു. ബന്ദ് ദിനത്തിൽ പോലീസ് നിരോധനാജ്ഞ ലംഘിച്ച എ.ഐ.വൈ.എഫ്. – എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെ കരുണാകരന്റെ പോലീസ് നടത്തിയ വെടിവെപ്പിൽ എ.ഐ.വൈ.എഫ്. ന്റെ തിരുവനന്തപുരം സിറ്റി കമ്മറ്റി സെക്രട്ടറിയായിരുന്ന ധീര സഖാവ് ജയപ്രകാശ് പിടഞ്ഞു വീഴുകയായിരുന്നു.
എ ഐ വൈ എഫിന്റെ പോരാട്ട ചരിത്രത്തിൽ, സഹനസമര മാതൃകയിലെ ഇതിഹാസ നാമമായ സഖാവ് ജയ പ്രകാശിന്റേത് സ്വജീവനെക്കാൾ സാമൂഹ്യ നന്മക്ക് വില നൽകിയ രാഷ്ട്രീയ പ്രബുദ്ധതയായിരുന്നു. വിദ്യാഭ്യാസത്തെ വില്പനച്ചരക്കായി വിവക്ഷിക്കുന്ന ആഗോളവത്കരണ ചിന്തകളോട് നിർഭയം കലഹിച്ച വിപ്ലവകാരി . വിജ്ഞാനത്തിന്റെ വികാസത്തെ ഭയക്കുന്ന കുത്തക സ്വഭാവം ആർജ്ജിച്ച മുതലാളിത്തം ലാഭക്കൊതി മൂത്ത് വിദ്യാഭ്യാസ മേഖലയെ നവ സമൂഹ നിർമ്മിതിയിലേക്ക് നയിക്കുന്ന പുരോഗമനാശയങ്ങൾക്ക് തടയിടാൻ ശ്രമിക്കുകയാണ്.
സമൂഹത്തോടോ വരും തലമുറകളോടോ ഉത്തരവാദിത്വമില്ലാത്ത ലാഭക്കൊതിയൻമാരായ വിദ്യാഭ്യാസക്കച്ചവടക്കാർ സാമൂഹ്യ നീതിയെ നിരാകരിച്ച് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്ഷരാർഥത്തിൽ കമ്പോള താല്പര്യങ്ങൾക്ക് കീഴ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ നൂറ്റാണ്ടുകളായി തലമുറകളിലൂടെ നാം കൈമാറിവന്ന ചരിത്ര സത്യങ്ങൾ പോലും പാഠ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത് വിദ്യാഭ്യാസ മേഖലയെ സംഘ പരിവാറിന്റെ ഹിന്ദുത്വ-പ്രതിലോമ പ്രത്യയശാസ്ത്ര പ്രചാരണത്തിന്നായി ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ആർ എസ് എസ് അജണ്ടകളെ ദൃഢപ്പെടുത്താനുതകുന്ന ഉപകരണമാക്കി ദേശീയ വിദ്യാഭ്യാസ നയത്തെയടക്കം മാറ്റുകയാണ് ഭരണ കൂടം. തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പഠന സിലബസുകൾ ഹിന്ദുത്വവൽക്കരിച്ചു കൊണ്ടുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപന രൂപീകരണം രാജ്യമാകമാനം വ്യാപിപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. അറിവിന്റെ വർഗീയവത്കരണവും വാണിജ്യ വത്കരണവും പ്രഖ്യാപിത നയമായി സ്വീകരിച്ചിട്ടുള്ള ഫാസിസ്റ്റ് ഭരണ കൂടത്തിന്നെതിരായ സമര വീഥിയിൽ സഖാവ് ജയ പ്രകാശിന്റെ നാമം ഇനിയും ഉയർന്നു വരും. അവകാശ സമര പോരാട്ടങ്ങളിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ കരുത്തോടെ സഖാവ് നമ്മുടെ ആവേശമായിരിക്കുകയും ചെയ്യും.