തൃശൂർ: ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ ഈഴവനായതിനാൽ ഓഫീസ് തസ്തികയിലേക്ക് നീക്കിയ നടപടിയിലൂടെ നവോത്ഥാന നായകരുടെ പോരാട്ടങ്ങളെയാണ് വിസ്മരിക്കുന്നതെന്നും ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്നും എഐവൈഎഫ്.
നവോത്ഥാന പോരാട്ടങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള പ്രബുദ്ധ കേരളത്തിന്റെ സാമൂഹ്യ ബന്ധങ്ങളിലും പൗരബോധത്തിലും ജാതി അലംഘനീയമായ വ്യവസ്ഥിതിയായി തുടരുന്നു എന്നത് അത്യന്തം ആശങ്കയുളവാക്കുന്നതാണ്. തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിനെ ക്ഷേത്രത്തില്‍ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃത രീതികളിലൂടെയാണ് നിയമിച്ചത്.
കൂടൽ മാണിക്യം ആക്ടും റെഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികൾ സംബന്ധിച്ചുള്ള ഉത്തരവുകളെ വെല്ലുവിളിച്ച് കൊണ്ട് ക്ഷേത്ര ആചാരത്തിൽ തന്ത്രി കുടുംബത്തിനാണ് അധികാരമെന്ന അവകാശ വാദം ഉന്നയിക്കുന്നത് തീർത്തും അപലപനീയമാണ്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ തീരുമാനം അട്ടിമറിക്കാന്‍ തന്ത്രിമാർക്ക് അധികാരമില്ലെന്നും കേരളം തിരസ്കരിച്ച സാമൂഹ്യ ദുരാചാരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും എഐവൈഎഫ് അറിയിച്ചു.
ജാതിരഹിതമായ തുല്യതയുടെ സാമൂഹ്യവ്യവസ്ഥയെ സ്ഥാപിക്കാൻ അനവധിയായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കേരളത്തിൽ ജാതിയുടെ പേരിലുള്ള വേർ തിരിവ് അംഗീകരിക്കാൻ കഴിയില്ലെന്നും കഴകം തസ്തികയിൽ നിയനം ലഭിച്ച വ്യക്തിക്ക് അതേ തസ്തികയിൽ തന്നെ ജോലിയിൽ തുടരുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ അടിയന്തിരമായി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ അറിയിച്ചു.