കോട്ടയം: ഗാന്ധിനഗർ ഗവണ്മെന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഹോസ്റ്റലിനുള്ളിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങിനിരയായ സംഭവം അത്യന്തം നടുക്കമുളവാക്കുന്നതും പരിഷ്കൃത സമൂഹത്തിന്നപമാനവുമാണെന്ന് എഐവൈഎഫ്. പ്രതികൾക്കെതിരെയും കോളേജ് അധികൃതർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വരികയുണ്ടായി.കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവിൽ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതുമടക്കം മനുഷ്യത്വ വിരുദ്ധവും അതി ക്രൂരവുമായ പ്രവൃത്തികളാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയുടെ നടുക്കം വിട്ടു മാറുന്നതിന്റെ മുൻപാണ് കോട്ടയത്ത് നിന്നുള്ള റാഗിങ്ങ് വാർത്തയും പുറത്ത് വരുന്നത്. തന്റെ മകൻ സ്കൂളിൽ വെച്ച് ക്രൂരമായ റാഗിംഗിനാണ് ഇരയായതെന്നും സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മര്‍ദിച്ചുവെന്നും വാഷ് റൂമില്‍ കൊണ്ടുപോയി ക്ലോസറ്റിൽ മുഖം അമർത്തിച്ചുവെന്നും ശേഷം മുഖം പൂഴ്ത്തി വെച്ച് ഫ്ലഷ് ചെയ്തുവെന്നതുമടക്കമുള്ള അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് മിഹിറിന്റെ അമ്മ അന്ന് ഉന്നയിച്ചിരുന്നത്.
2005 ൽ കോട്ടയം ഗാന്ധിനഗറിലെ എസ്എം ഇ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിൽ പെൺകുട്ടി റാഗിങ്ങിന്റെ മറവിൽ മയക്ക് മരുന്ന് ചേർത്ത ഭക്ഷണം ബലം പ്രയോഗിച്ച് കഴിപ്പിച്ച ശേഷമുള്ള കൊടിയ ശാരീരിക പീഡനത്തിന്നിരയായതിനെ തുടർന്ന് റാഗിംഗ് വിരുദ്ധ നിയമം സർക്കാർ കർശനമാക്കിയിരുന്നുവെങ്കിലും നിയമ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിൽ തുടർ നടപടികളുണ്ടായില്ലെന്നത് ഗൗരവമായിത്തന്നെ കാണേണ്ടതുണ്ടെന്നും എഐവൈഎഫ് ആരോപിച്ചു.
റാഗിംഗിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് 2009ല്‍ സർക്കാർ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി റാഗിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നും സിവില്‍ പോലീസ് അഡ്മിനിസ്‌ട്രേഷന്‍സ്, ലോക്കല്‍ മീഡിയ, എന്‍.ജി.ഒ എന്നിവയും ഇന്‍സ്റ്റിറ്റ്യൂഷനിലെ അദ്ധ്യാപക പ്രതിനിധികളും രക്ഷിതാക്കളുടെ പ്രതിനിധികളും വിദ്യാർഥികളുടെ പ്രതിനിധികളും ഈ കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ പ്രധാന അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ആന്റി റാഗിങ്ങ് സ്ക്വാഡ് ഹോസ്റ്റലിലും മറ്റു സ്ഥലങ്ങളിലും റാഗിംഗ് തടയാനായി കർശന പരിശോധനകൾ നടത്തുവാനായും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ റാഗിംഗിന്നിരയാകുന്നുവെന്ന പരാതികൾ വ്യാപകമാകുമ്പോഴും റാഗിംഗ് നിരോധന നിയമ പ്രകാരമുള്ള നടപടികൾ കേവല പ്രഹസനങ്ങളായി മാറുകയാണ് എന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.1998 ലെ റാഗിങ്ങ് നിരോധന നിയമം കർശന മായി നടപ്പാക്കണമെന്നും എഐവൈഎഫ് സർക്കാറിനോട് ആവശ്യപ്പെട്ടു. റാഗിങ്ങ് നിർമ്മാർജ്ജനം ചെയ്യുന്നതിനായുള്ള പോരാട്ടങ്ങളും റാഗിങ്ങ് വിരുദ്ധ ക്യാമ്പയിനുകളും സാമൂഹ്യ ഉത്തരവാദിത്വമായി കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് എഐവൈഎഫ് നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.