തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് എഐവൈഎഫ്. കേന്ദ്രസര്‍ക്കാര്‍ സത്യം രാജ്യത്തോട് വെളിപ്പെടുത്തണമെന്നും ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന ആശങ്ക സൂചിപ്പിച്ചപ്പോള്‍ നിശബ്ദനായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടു എന്ന സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വെറുമൊരു രാഷ്ട്രീയ ആരോപണമല്ലെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സൈനികരുടെ ജീവനും കുരുതി നല്‍കി ബിജെപി നടത്തിയ രാഷ്ട്രീയ മുതലെടുപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.
സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം സൈന്യത്തെ കുറിച്ച് വാചലനാകുന്ന പ്രധാനമന്ത്രി, ധീരസൈനികരുടെ ജീവന്‍ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഉപയോഗിച്ചോ എന്നതിനെ കുറിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. സൈനികര്‍ക്ക് എന്തുസംഭവിച്ചു എന്ന് വ്യക്തമാക്കേണ്ടേത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും ആവശ്യപ്പെടുന്നു.