തിരുവനന്തപുരം: മഹാത്മാഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിനെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ ആർ എസ് എസ് നടപടി പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ്.
നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മടങ്ങവെയാണ് കഴിഞ്ഞ ദിവസം തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ചത്.രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുകയാണെന്നും ക്യാൻസർ പടർത്തുന്നത് സംഘ് പരിവാർ ആണെന്നുമുള്ള തുഷാർ ഗാന്ധിയുടെ പരാമർശമാണ് ആർ എസ് എസിനെ പ്രകോപിപ്പിച്ചത്.
തങ്ങളുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ വേട്ടയാടുകയോ പ്രകോപിപ്പിക്കുകയോ ആക്രമിക്കുകയോ ചിലപ്പോൾ കൊലപ്പെടുത്തുകയോ ചെയ്യുക എന്നത് ആർ എസ് എസിന്റെ എക്കാലത്തെയും പ്രഖ്യാപിത നയമാണ്.ബിജെപി ഭരണം രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ള നിലവിലെ അപകടകരമായ സാഹചര്യത്തെയാണ് തുഷാർ ഗാന്ധി തുറന്നെതിർക്കുകയും വിമർശിക്കുകയും ചെയ്തത്.
വിമർശനങ്ങളെയും വിയോജിപ്പുകളെയും ആശയ പരമായി പ്രതിരോധിക്കാതെ ഫാസിസ്റ്റ് ഭരണകൂട സമ്മർദ്ദങ്ങൾക്ക് വിധേയപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും തുഷാർ ഗാന്ധിക്കെതിരായ ആർ എസ് എസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.