തിരുവനന്തപുരം: വർത്തമാന ഇന്ത്യയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതിന്റെ അസഹിഷ്ണുതയാണ് എമ്പുരാൻ സിനിമക്കെതിരെ സംഘ് പരിവാർ നടത്തുന്ന സൈബർ ആക്രമണത്തിലൂടെ പ്രകടമാകുന്ന തെന്ന് എഐവൈഎഫ്.
ഭരണാധികാരത്തിന്റെ മറവിൽ വർഗീയ ചേരിതിരിവുണ്ടാക്കി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്ത് അധികാരം നില നിർത്തുകയെന്ന സംഘ് പരിവാർ അജണ്ടയാണ് എമ്പുരാൻ കൃത്യമായി തുറന്നു കാട്ടിയത്.വിമർശനങ്ങളോട് ജനാധിപത്യപരമായി സംവദിക്കുന്നതിന് പകരം തങ്ങൾക്ക് അഹിതമായ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ഭയപ്പെടുത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ് എഐവൈഎഫ് ആരോപിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിക്കെതിരെയും മുൻപ് സംഘ് പരിവാർ രംഗത്തെത്തിയിരുന്നു.ഇന്ത്യയുടെ മതനിരപേക്ഷ മൂല്യത്തിനേറ്റ കനത്ത ആഘാതമായിരുന്ന ഗുജറാത്ത് വംശ ഹത്യ ചർച്ച ചെയ്യപ്പെടരുതെന്ന സംഘ് പരിവാർ ധാർഷ്ട്യം കേരളത്തിൽ വിലപ്പോവില്ലെന്നുംആർ എസ് എസിന്റെ വിഭജന രാഷ്ട്രീയത്തിന്നെതിരെയുള്ള ആശയ പ്രചാരണങ്ങൾക്ക് എ ഐ വൈ എഫ് നേതൃത്വം കൊടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.