Thursday, November 21, 2024
spot_imgspot_img
HomeKeralaവേണ്ടത് പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനം: സിൽവർ ലൈനിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: എഐവൈഎഫ്

വേണ്ടത് പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനം: സിൽവർ ലൈനിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: എഐവൈഎഫ്

ഐവൈഎഫ് ഒരു പരിസ്ഥിതി സൗഹാർദ സംഘടനയാണെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വികസനം വരണം എന്നതാണ് എഐവൈഎഫിന്റെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് വരുന്ന വികസനങ്ങൾക്ക് ഒരിക്കലും എഐവൈഎഫ് അനുകൂലമല്ലെന്നും ജിസ്മോൻ വ്യക്തമാക്കി. യങ് ഇന്ത്യ.ന്യൂസിന്റെ “നിലപാട്” പരിപാടിയിലാണ് ജിസ്മോന്റെ പ്രതികരണം.

കേരളത്തിൽ സിൽവർലൈൻ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നതാണ്. ഇത്തരമൊരു വികസനം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പ്രത്യേകിച്ച് സ്ഥലപരിമിതമായ സംസ്ഥാനം എന്നിരിക്കെ ജനങ്ങളുടെ ഭാ​ഗത്തുനിന്നും എതിർപ്പുയരുന്നത് സ്വാഭാവികമാണ്. പക്ഷെ യാത്രാ ദുരിതം നമുക്ക് നല്ല ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടെ മതിയാവു എന്ന ആ​ഗ്രഹമാണ് എഐവൈഎഫിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി വിഷയങ്ങളുയർത്തി രാജ്യത്തുടനീളം സമരങ്ങൾ സംഘടിപ്പിക്കാൻ എഐവൈഎഫിനായിട്ടുണ്ട്. നർമ്മദ ബച്ചാവോ ആന്തോളൻ സമരത്തിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചത് എഐവൈഎഫ് ആയിരുന്നെന്നു. ഏറ്റവും ഒടുവിൽ ,കേരളത്തിലെ അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തമായ എതിർപ്പുന്നയിച്ച് രം​ഗത്തെത്തിയത് എഐവൈഎഫാണ്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ശക്തമായ സമരമാണ് എഐവൈഎഫ് ഉയർത്തിയത്. വളരെ ശക്തമായ സമരത്തെതുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സർക്കാരിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ചേർന്ന എഐവൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം പഠിക്കുന്നതിനായി ഒരു സബ്ക്കമ്മറ്റി രൂപീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പഠനങ്ങൾ നടത്തുകയും ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ഡിപിആർ സർക്കാർ പുറത്തുവിടണമെന്ന് കേരളത്തിൽ ആദ്യമായി ആവശ്യപ്പെട്ട സംഘടന കൂടിയാണ് എഐവൈഎഫ്.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ എഐവൈഎഫ് നിലപാട് എന്താണ്?

ഡിപിആർ പുറത്തുവിട്ടതിനു ശേഷം കേരളത്തിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബഫർസോണുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കൃത്യമായ ഒരു ഉത്തരവ് പുറത്തുവിടാൻ കഴിയാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലൈനിൽ നിന്നു വ്യത്യസ്തമായി ബഫർസോണിലുൾപ്പെട്ട ഭൂമിക്ക് എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. അതിനെ രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടി യുഡിഎഫ് വലിയ പരിശ്രമമാണ് കേരളത്തിൽ നടത്തുന്നത്.

യുഡിഎഫ് കെ റെയിലിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങുമ്പോൾ എന്ത് ധാർമികതയാണ് അവർക്കിതിൽ ഉയർത്താനുള്ളതെന്നും അദ്ദേഹം ചോദിച്ചു. കാരണം, കേരളത്തിൽ നൂറു മീറ്റർ വീതിയിലും ഇരുപതുമീറ്റർ ഉയരത്തിലുമായി സംസ്ഥാനത്തെ നെടുകെ പിളർക്കുന്നതിന് എക്സ്പ്രസ് ഹൈവേക്ക് അനുമതി നൽകിയത് അന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ഭരണകാലത്താണ് എന്ന് ജനം തിരിച്ചറിയണം.

ആ പദ്ധതി കേരളത്തിൽ വരുത്തിവയ്ക്കാൻ പോകുന്ന ദുരന്തത്തേക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് എക്സ്പ്രസ് ഹൈവേക്കെതിരെ സമരം ചെയ്ത സംഘടനയാണ് എഐവൈഎഫെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങൾ ആ സമരം ചെയ്യുമ്പോളും സമാന്തരമായ സെമി ഹൈസ്പീഡ് റെയിൽവേ വേണമെന്നു തന്നെയാണ് എഐവൈഎഫ് മുന്നോട്ട് വച്ചത്. ‌ വികസനത്തിനെതിരായി നിലകൊള്ളുന്ന സംഘടനയല്ല എഐവൈഎഫ്. എന്നാൽ വികസനത്തോടൊപ്പം പരിസ്ഥിയെയും സംരക്ഷിക്കണമെന്ന ആശയമാണ് എഐവൈഎഫ് എന്നും മുന്നോട്ടു വച്ചിരിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയിൽ അതിന്റെ കല്ലുകൾ സ്ഥാപിക്കുന്നത് സാമൂഹിക ആഘാത പഠനം നടത്തുന്നതിനു വേണ്ടിയിട്ടാണ്. സാമൂഹിക ആഘാത പഠനത്തിന്റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മാത്രമേ കേരളത്തെ പൊതുവായി ഈ പദ്ധതി എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുകയുള്ളുവെന്നും ജിസ്മോൻ അഭിപ്രായപ്പെട്ടു. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മാത്രമേ കൂടുതൽ അഭിപ്രായങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതിയെ അട്ടിമറിക്കുന്നതിന്റെ ഭാ​ഗമായി യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ സമരങ്ങൾക്കെതിരാണ് എഐവൈഎഫ്. തങ്ങളുടെ കാലത്ത് മാത്രം ഇത്തരം വികസനങ്ങൾ വന്നാൽ മതി, എൽഡിഎഫിന്റെ കാലത്ത് അത്തരം പ്രവർത്തനങ്ങൾ വരാൻ പാടില്ലെന്ന യുഡിഎഫിന്റെ രാഷ്ട്രിയ അജണ്ടയാണ് സമരത്തിനു പിന്നിലെന്നും ജിസ്മോൻ യങ് ഇന്ത്യയോട് പറഞ്ഞു. ഇത്തരം അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതിലൂടെ യുഡിഎഫിന്റെ രാഷ്ട്രിയ ലക്ഷ്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും ജിസ്മോൻ അഭിപ്രായപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares