എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ്. കെ എസ് യു യൂണിറ്റ് ഭാരവാഹിയുടെ നേതൃത്വത്തിലാണ് മനുഷ്യത്വ രഹിമായ ഈ പ്രവർത്തി നടന്നത്. ഈ ഹീനമായ പ്രവർത്തി ചെയ്തത് പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിദ്യാർത്ഥികൾ ആണെന്നതാണ് മറ്റൊരു വിരോധാഭാസം.
കാഴ്ച പരിമിതിയെ മറികടന്ന് ഈ നിലയിലെത്താൻ അധ്യാപകൻ എത്രമാത്രം കടമ്പകളാണ് കടന്നിരിക്കുക. അദ്ദേഹം താണ്ടിവന്ന ജീവിത യാഥാർത്ഥ്യങ്ങളെ പരിഹസിക്കുന്ന വിദ്യാർത്ഥി സമൂഹം കേരളത്തിന് നൽകുന്ന സന്ദേശം എന്താണെന്നും എഐവൈഎഫ് ചോദിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം മനുഷ്യത്വ രഹിതമായ ചിന്തകൾ ഉടലെടുക്കുന്നത് ഭയപ്പെടുത്തുന്നാണ്. കെ എസ് യു എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാവാണ് ഈ പ്രവർത്തിക്ക് മുന്നിൽ നിന്നത് എന്നത് ലജ്ജാകരമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു. യൂണിറ്റ് ഭാരവാഹി ഫസലിനെ പുറത്താക്കി കെ എസ് യു പൊതുസമൂഹത്തോട് മാപ്പു പറയാൻ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.