തിരുവനന്തപുരം: പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ല് തികഞ്ഞ ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവുമാണെന്ന് എഐവൈഎഫ്.
വഖഫ് ബോർഡുകളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സ്വയം ഭരണാവകാശം ഇല്ലാതാക്കുകയും മത നിയമപ്രകാരം വഖഫ് ആയി ഉപയോഗിച്ചു വന്ന വസ്തുക്കൾ അങ്ങനെയാകണമോ എന്ന് സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്യുന്നതോടെ ഫലത്തിൽ വഖഫ് ബോർഡ് വെറും കാഴ്ചക്കാരായി മാറുന്ന സ്ഥിതി വിശേഷമാണ് സംജാതമാകുന്നതെന്നും എഐവൈഎഫ്. ആ രേവ രോപിച്ചു.
വഖഫ് ബോർഡിൻ്റെ അനുമതിയോടെ മുൻപ് നടത്തിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ നിയമനങ്ങൾ നിയമ ഭേദഗതിയിലൂടെ പൂർണ്ണമായും സംസ്ഥാന സർക്കാറുകളുടെ കീഴിൽ മാത്രമാകുമ്പോൾ ഇതര മതവിഭാഗത്തിൽ പെടുന്ന ഉദ്യോഗസ്ഥരെയും സിഇഒമാരായി നിയമിക്കാൻ കഴിയും. മതപരമോ ആത്മീയമോ സേവനപരമോ ആയ പ്രവർത്തനങ്ങൾക്കുവേണ്ടി ദാനം ചെയ്തിട്ടുള്ള സ്വത്തുക്കൾ പിടിച്ചെടുക്കാനും ഭരണ ഘടന വിവിധ മത വിഭാഗങ്ങൾക്ക് തങ്ങളുടെ സ്ഥാപനങ്ങൾ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ കവർന്നെടുക്കാനുമാണ് ഇതിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.
അഞ്ചു വർഷമെങ്കിലും മുസ്ലിം മതസ്ഥരായി തുടരുന്ന വ്യക്തികൾക്ക് മാത്രമേ വഖഫ് പ്രഖ്യാപിക്കാനാകൂ എന്ന് ഭേദഗതിയിൽ പറയുമ്പോൾ അമുസ്ലീങ്ങളായ അനവധി വ്യക്തികൾ വഖഫായി ദാനം നൽകിയ സ്വത്തുക്കളുടെ വിഷയത്തിൽ അനിശ്ചിതാ വസ്ഥ നില നിൽക്കുകയാണ്. ഇസ്ലാം ഇതര വിശ്വാസികളുടെ ദാനത്തിന് നിരോധനം ഏർപെടുത്തുകയും എന്നാൽ വഖഫ് ഭരണത്തിൽ അവർക്ക് പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്നതിലൂടെ സംഘ് പരിവാർ വിധേയത്വമുള്ളവരെ വഖഫ് ബോർഡുകളിൽ നിയമിച്ച് നൂറ്റാണ്ടുകളായി വഖഫ് സ്വത്തായി ഉപയോഗിച്ചുവന്ന വസ്തുവകകൾ പോലും ഭേദഗതിയുടെ മറവിൽ പിടിച്ചെടുക്കാനുള്ള ഭരണ കൂടത്തിന്റെ ഹിഡൻ അജണ്ട തന്നെയാണ് ഇവിടെ മറ നീക്കി പുറത്തു വരുന്നത്.
അതത് മതങ്ങളിൽപ്പെട്ടവർക്ക് മാത്രം അംഗത്വം നൽകുന്ന രീതിയിലാണ് വിവിധ മത വിഭാഗങ്ങളുടെ എൻഡോവ്‌മെന്റ് നിയമങ്ങൾ രാജ്യത്ത് നിലവിലുള്ളതെന്നിരിക്കെവഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി നിലവിലെ നിയമമനുസരിച്ച് സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളിലെ ഒരംഗം ഇസ്ലാമിക നിയമങ്ങളിൽ അവഗാഹമുള്ള വ്യക്തിയായിരിക്കണമെന്ന വ്യവസ്ഥയെയും ഭേദഗതിയിൽ അപ്രസക്തമാക്കിയിരിക്കുകയാണ്.
കേന്ദ്ര ഭരണത്തിന്റെ ആനൂകൂല്യങ്ങളുപയോഗപ്പെടുത്തി ഭരണഘടനയുടെ അന്ത:സത്ത നശിപ്പിച്ചും പ്രതിപക്ഷസ്വരത്തെ അടിച്ചമർത്തിയും ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുന്ന നയങ്ങളാണ് ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.വഖഫ് ഭേദഗതി നിയമത്തിന് പിന്നിലുള്ള സംഘ് പരിവാർ അജണ്ടക്കെതിരെ ശക്തമായ ആശയ പ്രചരണങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന വ്യാപകമായി വഖഫ്ഭേദഗതി ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ അറിയിച്ചു.