ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ അധിക്ഷേപിച്ചു ഫേസ്ബുക് പോസ്റ്റിട്ട നടൻ സലീം കുമാർ സ്വയം പരിഹാസ്യൻ ആവുകയാണെന്ന വിമർശനവുമായി എഐവൈഎഫ് രംഗത്ത്. ക്ഷേത്രങ്ങളുടെ സ്വത്ത് ദേവസ്വം ബോർഡിലൂടെ സർക്കാർ തട്ടിയെടുക്കുന്നു എന്ന സംഘ പരിവാർ വ്യാജ പ്രചാരണത്തിന് ചൂട്ടു കത്തിച്ചു കൊടുക്കുകയാണ് സലീം കുമാർ ചെയ്തതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ദേവസ്വം ബോർഡിന് കാണിക്കയായി ലഭിക്കുന്ന വരുമാനം സർക്കാർ ക്ഷേത്ര കാര്യങ്ങൾക്ക് വേണ്ടിയാണ് ചിലവാക്കുന്നത് എന്ന വസ്തുത മറച്ചു വെച്ചാണ് സംഘ പരിവാർ വർഷങ്ങളായി ഈ വ്യാജ പ്രചരണം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന്റെ ഭാഗമായി ഈ ആരോപണം സംഘ പരിവാർ വീണ്ടും എടുത്തു പ്രയോഗിക്കുന്നുണ്ട്. സമൂഹത്തെ തെറ്റിധരിപ്പിക്കുന്ന കുപ്രചരണങ്ങൾക്ക് ഒരു വാക്ക് കൊണ്ടുപോലും വിസിബിലിറ്റി കൊടുക്കാതിരിക്കാൻ കലാകാരന്മാർ ശ്രദ്ധിക്കണം. രാഷ്ട്രീയ വിമർശനങ്ങളാകാം, വ്യക്തിഹത്യ അരുതെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. പൊതു സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന പ്രസ്താവനകൾ തമാശയായി കാണണനാകില്ല. പ്രതികരണങ്ങൾ നടത്തുമ്പോൾ അതിന്റെ രാഷ്ട്രീയ ആഘാതം എത്രമാത്രം വലുതാകും എന്നുകൂടി ചിന്തിക്കണണെന്ന് എഐവൈഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.