പെരിയാറിനെ വിഷമയമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർ സംരക്ഷണ പദയാത്ര നാളെ നടക്കും. പെരിയാറിലേക്ക് മാലിന്യങ്ങൾ ഒഴുക്കി മനുഷ്യരുടെ ജീവനു പോലും ഭീഷണി ഉയർത്തുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെയും അതിനു ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി ഉണ്ടാവണം എന്ന ആവശ്യം ഉന്നയിച്ചാണ് എഐവൈഎഫ് പെരിയാർ സംരക്ഷണ പദയാത്ര സംഘടിപ്പിക്കുന്നത്. പെരിയാറിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യങ്ങൾ എഐവൈഎഫ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
കടമക്കുടിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. കടമക്കുടി മുതൽ ഏലൂർ വരെ നടക്കുന്ന പദയാത്ര എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഏലൂർ പാതാളത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എടയാറിലെയും ഏലൂരിലെയും വിവിധ കമ്പനികളിൽ നിന്നും പെരിയാറിലേക്ക് അനധികൃതമായി ഒഴുക്കുന്ന രാസ മാലിന്യങ്ങളാണ് മത്സ്യക്കുരുതിക്ക് കാരണമാകുന്നത്. രാസ മാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുക്കുന്നു എന്ന പരാതി ഒരു ജുഡീഷ്യൽ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും മനുഷ്യ ജീവന് ഭീഷണിയാകുന്ന പ്രവൃത്തി നടത്തിയ സ്ഥാപനങ്ങൾക്കും അതിന്റെ ഉടമകൾക്കുമെതിരെയും ഇതിനു ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.