തിരുവല്ല : പന്നായി -തേവേരി റോഡ് സഞ്ചാരയോഗ്യമാക്കുക, റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് തിരുവല്ല പൊതുമരാമത്ത് അസി. എഞ്ചിനീയർക്ക് നിവേദനവുമായി എഐവൈഎഫ്. എഐവൈഎഫ് കടപ്ര മേഖല കമ്മിറ്റിയാണ് തിരുവല്ല പൊതുമരാമത്തു അസി. എഞ്ചിനീയർ രാജി ബി യ്ക്ക് നിവേദനം നൽകിയത്. എഐവൈഎഫ് മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ, കടപ്ര മേഖല സെക്രട്ടറി ടിബിൻ എബ്രഹാം, പ്രസിഡന്റ് മാത്യൂസ് കെ ബി, ബി കെ എം യു മേഖല സെക്രട്ടറി മാത്യു കുരിയാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
പഞ്ചായത്തിലെ മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകർന്നിട്ട് കാലം കുറെയായെന്നും, വർഷങ്ങളായി റീ ടാറിങ്ങും അറ്റകുറ്റ പണികളും നടത്താത്തത് മൂലം കുണ്ടും കുഴിയുമായി യാത്രക്കാർക്ക് ദുരിതമാണെന്നും,വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ മഴക്കാലത്ത് റോഡ് ഗതാഗതയോഗ്യമല്ലാതെ ആയെന്നും എഐവൈഎഫ് ആരോപിക്കുന്നു. ചെളിവെള്ളം ഒഴുകിപ്പോകാൻ പലയിടത്തും ഓടയുമില്ല. ഇതുകാരണം ആളുകൾക്ക് നടന്നുപോകാൻ പോലും ഇടമില്ല.
കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താറില്ല. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. ഓരോ വെള്ളപൊക്കത്തിലും ഏറ്റവും കുറഞ്ഞത് പതിനഞ്ചു ദിവസമെങ്കിലും പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥ.റോഡിന്റെ തകർച്ച കാരണം ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നു.രോഗികളെ ഈ റോഡിലൂടെ കൊണ്ടുപോകാൻ ആംബുലൻസ് പോലും വരാത്ത അവസ്ഥയാണ് എന്നും എഐവൈഎഫ് മേഖല പ്രസിഡന്റ് മാത്യൂസ് കെ ബി, സെക്രട്ടറി ടിബിൻ എബ്രഹാം എന്നിവർ പറഞ്ഞു. പന്നായി-തേവേരി റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി അധികാരികൾ തയ്യാറാവണം എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.