പ്രശസ്ത നർത്തകനും ചലച്ചിത്രതാരവുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമർശം പ്രബുദ്ധ കേരളത്തിന് അപമാനവും അത്യന്തം അപലപനീയവുമാണെന്ന് തുറന്നടിച്ച് എഐവൈഎഫ് രംഗത്ത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നവ സമൂഹ നിർമ്മിതിക്കായുള്ള ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അനന്തര ഫലമായാണ് സാമൂഹ്യ ദുരാചാരങ്ങൾക്കന്ത്യം കുറിക്കാൻ കഴിഞ്ഞത്.
ഇന്നത്തെ കേരളം ഇത്തരത്തിൽ രൂപപ്പെട്ടത് ഇന്നലെകളിൽ സാമൂഹ്യ നീതിക്കും സമത്വാധിഷ്ഠിത സമൂഹ സംസ്ഥാപനത്തിനുമായുള്ള സാമൂഹ്യ നവോത്ഥാന നായകരുടെയും മറ്റു നവീകരണ പ്രസ്ഥാനങ്ങളുടെയും സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലമാണെന്നത് കലാമണ്ഡലം സത്യഭാമയെ പോലെ ഫ്യൂഡൽ സംസ്കാരത്തെ താലോലിക്കുന്നവർ തിരിച്ചറിയണം.
പ്രബുദ്ധ കേരളം ഇന്നലെകളിൽ കയ്യൊഴിഞ്ഞ സാമൂഹ്യ ദുരാചാരങ്ങളെയും പാരമ്പര്യങ്ങളെയും പുതിയ രീതിയിൽ സ്വീകരിക്കാനുള്ള ശ്രമത്തിന്നെതിരെ ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കലാ മണ്ഡലം സത്യ ഭാമ കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.