തൃശൂർ: ഇന്ത്യൻ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയ ബിജെപി എം പിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉയർത്തി ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റി രംഗത്ത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു.
ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ രാജ്യത്തെ ജനങ്ങളുടെ പിന്തുണ വർധിച്ചു വരുകയാണണ്. എന്നാൽ ഈ സമരത്തെ കേന്ദ്ര സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് തൃശൂരിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സഖാവ് പ്രസാദ് പറേരി വ്യക്തമാക്കി. ബിജെപി എംപിക്കെതിരെ ഗുരുതരമായ കുറ്റാരോപണം ഉണ്ടായിട്ടും, ബിജെപി കേന്ദ്രങ്ങൾ മൗനത്തിലാണ്.
ഈ സന്ദർഭത്തിലാണ് എഐവൈഎഫ് ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണകൂടം യുവജനങ്ങളേയും, കലാ-കായിക പ്രതിഭകളേയും വിദ്യാർത്ഥികളേയും അവഗണിക്കുകയാണെന്ന് പ്രസാദ് പറേരി പറഞ്ഞു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി കെ വിനീഷ്, ചിന്നു ചന്ദ്രൻ അഖിൽ ജി എം എന്നിവർ സംസാരിച്ചു.
പെരിങ്ങോട്ടുകരയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധ പരിപാടികളുമായി എഐവൈഎഫ് തെരുവിൽ ഉണ്ടാകും എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എസ് സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ് അന്തിക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ജെ സജൽകുമാർ,രമേഷ് സി കെ, ഋചിക് ചാഴൂർ, അക്ഷയ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.