തിരുവനന്തപുരം: ശാസ്ത്രത്തെ മതവുമായും വിശ്വാസവുമായും കൂട്ടി കുഴച്ചു രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നത് ചൂണ്ടികാട്ടിയുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തെ വളച്ചൊടിച്ചു വർഗീയ പ്രചരണം നടത്തുന്നവർ കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്ന് എഐവൈഎഫ്. ശാസ്ത്രം വേറെ, വിശ്വാസം വേറെ. അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഇവിടുത്തെ ഭൂരിപക്ഷം വിശ്വാസികൾക്കും ഉണ്ടെന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
ശാസ്ത്രീയ അടിത്തറയില്ലാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോകാൻ സാധിക്കില്ല. ശാസ്ത്രത്തേയും മിത്തുകളെയും വിശ്വാസത്തേയും കൂട്ടി കുഴയ്ക്കാൻ ഏത് മത വിഭാഗം ശ്രമിച്ചാലും അത് എതിർക്കപ്പെടേണ്ടതാണ്. വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ പിന്നോട്ടടിക്കുന്ന പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും വ്യക്തമാക്കി .
എ എൻ ഷംസീർ പറഞ്ഞത് വിവാദമാക്കാനും അത് കത്തിക്കാനും ശ്രമിക്കുന്നവർ വർഗീയ അജണ്ട വെച്ചാണ് നീങ്ങുന്നത്. ഒരു ഗുജറാത്ത് മോഡൽ പരീക്ഷിക്കാനുള്ള സുവർണാവസരം ആയിട്ടാണ് സംഘ പരിവാർ ഷംസീറിന്റെ വാക്കുകൾ വളച്ചൊടിച്ചു വർഗീയ പ്രചരണം നടത്തുന്നത്. എ എൻ ഷംസീറിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്ന് സംഘ പരിവാർ കരുതേണ്ട. പുരോഗമന, ശാസ്ത്രീയ നിലപാടുകൾ സ്വീകരിക്കുന്ന നിയമസഭ സ്പീക്കർക്കൊപ്പം എഐവൈഎഫ് നിലകൊള്ളും. എ എൻ ഷംസീറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ വ്യക്തമാക്കി.