ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് എഐവൈഎഫ്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് അവാർഡിൽ നിന്ന് ഒഴിവാക്കാനായി പദവി ദുരുപയോഗം ചെയ്തു രഞ്ജിത്ത് ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വേണ്ടത്. അല്ലാതെ മാടമ്പിത്തരമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെങ്കിൽ എഐവൈഎഫിന് അത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകൾ അടക്കം പുറത്തുവന്നത് സർക്കാർ ഗൗരവമായി കാണണം. രഞ്ജിത്തിനെതിരെ സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. ഈ വിഷയത്തിൽ എഐവൈഎഫ് സംവിധായകൻ വിനയന് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുകയാണ്. വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായിട്ടില്ല. ഇത് ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണ്. മൗനം വെടിഞ്ഞു രഞ്ജിത്ത് വിഷയത്തിൽ പ്രതികരണം നടത്തണെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.