മലപ്പുറം: ഇരുപത്തിരണ്ടു പേരുടെ മരണത്തിനടയാക്കിയ താനൂർ ബോട്ട് അപകടം മനുഷ്യനിർമ്മിതമെന്ന് എഐവൈഎഫ്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി ബോട്ട് ഉടമകൾ നടത്തിയ കുറ്റകൃത്യത്തിൽ പൊലിഞ്ഞത് വിലയേറിയ 22 ജീവനുകളാണ്. സംസ്ഥാനത്ത് ഇത്തരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന അനവധി ബോട്ടുകളുണ്ട്. അത്തരം സർവീസുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. വിനോദസഞ്ചാരത്തിന്റെ മറവിൽ കച്ചവടം മാത്രം ലക്ഷ്യം കണ്ട് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള അനധികൃത സർവീസ് നടത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.
വർധിച്ചു വരുന്ന ജല അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ കർശന പരിശോധനകൾ നടത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ബോട്ട് ടൂറിസത്തിന് വലിയ പ്രാധാന്യമാണുള്ളത്. സുരക്ഷിതമല്ലാത്തതും അനധികൃതവുമായ ഇത്തരം ബോട്ട് സർവീസുകൾ നമ്മുടെ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ പിന്നോട്ട് അടിക്കും എന്നതിലും സംശയമില്ലെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.