തിരുവനന്തപുരം: രാജ്യത്തെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ആദർഷ്കൃഷ്ണ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു.
എംപി ബ്രിജ്ഭൂഷനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാട് രാജ്യത്തിന് അപമാനകരമാണെന്നും, ബ്രിജ്ഭൂഷനെ പോലെ നിരവധി ക്രിമിനൽ കേസുകളെ പ്രതിയായ ഒരാൾ എങ്ങനെ പാർലമെന്റ് അംഗമായി എന്നത് ബിജെപി വ്യക്തമാക്കണമെന്നും, പൊരുതുന്ന കായികതാരങ്ങൾക്ക് ഒപ്പം ഇന്ത്യയിലെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവൻ ജനങ്ങളും അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അഭിമാനം സംരക്ഷിച്ച കായിക കായികതാരങ്ങൾ നീതിക്കായി പോരാടുമ്പോൾ അതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരുകൂട്ടം സാംസ്കാരിക പ്രവർത്തകരുടെയും, സിനിമാതാരങ്ങളുടെയും, കായികതാരങ്ങളുടെയും നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ആനന്ദകുമാർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, പ്രസിഡൻ്റ് പി.ആൻ്റസ് എന്നിവർ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ നന്ദി പറഞ്ഞു.