തൃശൂർ : സർവകലാശാലകളിൽ അടയിരുന്ന് സംഘപരിവാർ കുഞ്ഞുങ്ങളെ വിരിയിക്കാനാണ് കേരള ഗവർണറുടെ ശ്രമം എന്ന് എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റി .കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കാൻ കേരളത്തോടാകമാനം യുദ്ധപ്രഖ്യാപനമാണ് അദ്ദേഹം നടത്തുന്നത്.സമചിത്തതയോടെ ഇടപെടേണ്ട ഗവർണർ ക്യാപസുകളിൽ താമസിച്ച് വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ്. തന്റെ അധികാരം ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ഗവർണർ ശ്രമിക്കുകയാണെന്നും എഐവൈഎഫ് തൃശൂർ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
ഭരണഘടനാ വിരുദ്ധനായ ഗവർണറെ പിൻവലിക്കുക,ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഗവർണറുടെ കോലം കത്തിച്ചു.
പ്രതിഷേധ യോഗം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. ടി പി സുനിൽ, ലിനി ഷാജി, സാജൻ മുടവങ്ങാട്ടിൽ, ജി എം അഖിൽ എന്നിവർ പങ്കെടുത്തു.