തൃശൂർ: റെയിൽവേ മേഖലയിൽ കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. ട്രെയിൻ യാത്രികരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും പാസഞ്ചർ ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃശൂര്‍ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി ടി ജിസ്‌മോൻ.
തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ പരിതാപകരമാണ്. റെയിൽവേ വികസനത്തിന് ആവശ്യമായ ഫലപ്രദമായ ഇടപെടലുകളൊന്നും നടത്താതെ പഴയ പല പ്രഖ്യാപനങ്ങളും വീണ്ടും ഏറ്റുപാടുകയാണ് തൃശൂര്‍ എംപി ചെയ്യുന്നത്. തൃശ്ശൂരിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങളിൽ ഡൽഹിയിൽ എംപി മൗനവൃതം പാലിച്ചുകൊണ്ട് പോവുകയാണ്. ജോലിക്കാരും വിദ്യാർത്ഥികളും ഏറ്റവും അധികം ആശ്രയിക്കുന്ന ജില്ലയിലെ പൂങ്കുന്നം, ഇരിങ്ങാലക്കുട, ഗുരുവായൂർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥയും ശോചനീയമാണ്.
പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. ഇന്ത്യയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകര്‍ക്ക് സുഖമമായി എത്തിചേരാനുള്ള സൗകര്യം ഇനിയും റെയില്‍വെ ഏര്‍പ്പെടുത്തിയിട്ടില്ല. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകളില്‍ സ്ഥലപരിമിതി മൂലമുള്ള യാത്രാദുരിതം തുടരുകയാണ്. കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് യാത്രാദുരിതത്തിന് ഉടനെ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് പറഞ്ഞു.
കെ കെ വാര്യർ സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി കെ വിനീഷ്, ടി പി സുനിൽ, ലിനി ഷാജി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സ്വാഗതവും മണ്ഡലം സെക്രട്ടറി ജി എം അഖിൽ നന്ദിയും പറഞ്ഞു.