തൃശ്ശൂർ: ജാതി മത വർണ്ണ വിവേചനത്തിനെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ തൊട്ടുകൂടായ്മക്കെതിരെ ഞങ്ങൾ ചേർന്നിരിക്കുന്നു എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ക്ഷേത്രത്തിൽ പരിപാടിക്കിടെ ഉണ്ടായ ജാതി വേർത്തിരിവിൽ പ്രതിഷേധിച്ചാണ് എഐവൈഎഫ് പരിപാടി സംഘടിപ്പിച്ചത്. തൃശ്ശൂർ കോർപ്പറേഷനു മുൻവശത്ത് സംഘടിപ്പിച്ച പൊതുയോഗം പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർവിനെ ജാതീയമായി തന്നെ മാറ്റിനിറുത്തിയവരും പയ്യന്നൂരിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ ദീപം കൈമാറത്ത ജാതി വേർതിരിവും ഒരേ വർഗ്ഗീയ ചിന്താഗതിയുള്ളവർ തന്നെയാണ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വർത്തമാനകാലത്ത് ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങളാൽ സമൂഹത്തെ പുറകോട്ടടിക്കുന്ന ഇത്തരം രീതികൾ ഇല്ലായ്മ ചെയ്യുന്നതിന് സർവ്വരും ഒന്നിച്ചിരണം എന്നും എഐവൈഎഫ് ആഹ്വാനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഇ എം സതീശൻ മുഖ്യപ്രഭാഷണം നടത്തി.
എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സിജോ പൊറത്തൂർ, എഐഡിആർഎം ജില്ലാ ജോ.സെക്രട്ടറി ജി.ബി. കിരൺ, ഇപ്റ്റ ജില്ല സെക്രട്ടറി വൈശാഖ് അന്തിക്കാട് എന്നിവർ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ വിനീഷ്, ലിനി ഷാജി, ടി പി സുനിൽ എഐഎസ്എഫ് ജില്ല സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. എഐവൈഎഫ് തൃശ്ശൂർ മണ്ഡലം സെക്രട്ടറി ജി എം അഖിൽ നന്ദി രേഖപ്പെടുത്തി.