ചേർപ്പ്: എഐവൈഎഫ് തൃശ്ശൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചേർപ്പ് മണ്ഡലത്തിലെ പാറളം മേഖല കമ്മിറ്റിക്ക് കീഴിലെ പള്ളിപ്പുറം യൂണിറ്റിലെ കർഷക നഗറിൽ നിന്ന് താളവാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന വർണ്ണാഭമായ വിളംബര ഘോഷയാത്രയെ തുടർന്ന് പള്ളിപ്പുറം സെന്ററിൽ നടന്ന പൊതു സമ്മേളനത്തിൽ വെച്ച് എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം അഡ്വ. ആർ എസ് ജയൻ വെൽനെസ്സ് മിസ്സ് തൃശ്ശൂർ ആര്യ എ എസ്, മദ്യപ്രേദേശ് സെവൻസ് റഗ്ബി ഫുട്ബോൾ താരം സഹദ് എ എസ് എന്നിവർക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് നിർവഹിച്ചു.
സംഘപരിവാറിനെതിരായ പോരാട്ടങ്ങൾക്ക് രാജ്യത്തെ യുവത്വം ഐക്യത്തോടെ ഒരുമിച്ച് നിന്ന് പോരാടേണ്ട സമയമാണ് ഇതൊന്നും ഇത്തരം പോരാട്ടങ്ങളെ എഐവൈഎഫ് മുന്നിൽ നിന്ന് നയിക്കണമെന്നും മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ എസ് ജയൻ പറഞ്ഞു. ഇന്ത്യയുടെ ഭാവി തലമുറയുടെ തലച്ചോറ് പോലും വിലക്കെടുക്കാവുന്ന രീതിയിൽ സംഘപരിവാർ ഭരണകൂടം തങ്ങളുടെ രാഷ്ട്രീയം ബോധപൂർവ്വം പാഠ്യപദ്ധതികളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്ന നഗ്നകാഴ്ചകളാണ് വർത്തമാനകാല ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനെതിരെ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്ന പുതുതലമുറയെ വാർത്തെടുക്കേണ്ടത് എഐവൈഎഫിനെ പോലെയുള്ള പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, സിപിഐ ചേർപ്പ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ കെ ജോബി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി കെ വിനീഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട്, ജില്ലാ കമ്മിറ്റി അംഗം രേഖ റിതേഷ് എന്നിവർ അഭിവാദ്യം ചെയ്തു. എഐവൈഎഫ് ചേർപ്പ് മണ്ഡലം സെക്രട്ടറി കെ ബി ഋചിക് സ്വാഗതവും മണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കർ നന്ദിയും രേഖപ്പെടുത്തി. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കടന്നുവന്ന യുവാക്കൾക്ക് യോഗത്തിൽ സ്വീകരണം നൽകി.